| വിവാദങ്ങളുടെ നിത്യതോഴന്‍; വിമര്‍ശനകലയുടെ ആചാര്യന്‍ |
എസ് ശ്രീശാന്ത്കോഴിക്കോട്: ജി ശങ്കരക്കു റുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് മലയാള സാഹിത്യവിമര്‍ശനരംഗത്തേക്ക് കടന്നുവന്ന ക്ഷുഭിതയൗവനം ഏഴ് ദശാബ്ദക്കാലത്തോളം മലയാള സാഹിത്യ-സാംസ്‌കാരിക-സാമൂഹിക രംഗത്ത് നിറഞ്ഞാടിയപ്പോള്‍ ഉടഞ്ഞുവീണത് യാഥാസ്ഥികതയുടെ ഒട്ടേറെ ബിംബങ്ങളായിരുന്നു. ആശാന്‍കവിതകളെ പ്രകീര്‍ത്തിച്ചും മഹാകവി ഉള്ളൂരിനെ ആരാധിച്ചും മലയാള നിരൂപണരംഗത്ത് തന്റേതായൊരു വ്യക്തിത്വം പ്രകടമാക്കിയ കെ ടി സുകുമാരനെന്ന ചെറുപ്പക്കാരന്‍ കുട്ടിക്കൃഷ്ണ മാരാരും എം പി പോളും മുണ്ടശ്ശേരിയുമെല്ലാം ഒഴിച്ചിട്ട മലയാള സാഹിത്യവിമര്‍ശന കുലപതിയുടെ സിംഹാസനത്തില്‍ എതിരാളികളില്ലാതെ അവരോധിക്കപ്പെടുന്നതിനാണ് കാലം സാക്ഷ്യം വഹിച്ചത്. സര്‍ഗ്ഗധനനായ എഴുത്തുകാരനായും പ്രസംഗകലയുടെ കുലപതിയായും വിമര്‍ശനത്തില്‍ ആചാര്യനായും സാഹിത്യ-സാംസ്‌കാരിക രംഗം അടക്കിവാണ ഡോ. സുകുമാര്‍ അഴീക്കോട് ഓര്‍മ്മയാവുമ്പോള്‍ മറവിയുടെ ശവപ്പറമ്പിലേക്ക് അടക്കം ചെയ്യപ്പെടുന്നത് ഒട്ടേറെ വിവാദങ്ങളാണ്. അറിവിന്റെ അതിരുകള്‍ ഭേദിച്ചുകൊണ്ട് പൊതുരംഗത്ത് നിര്‍ഭയനായി ഇടപെട്ട അഴീക്കോട് മാഷ് വിവാദങ്ങളുടെ നിത്യതോഴനായിരുന്നു. ഗാന്ധിയന്‍ ദര്‍ശനങ്ങളിലും നെഹ്‌റുവിന്റെ വീക്ഷണങ്ങളിലും ഉറച്ചുവിശ്വസിക്കുകയും അഴിമതിക്കെതിരെ സധൈര്യം പ്രസംഗിക്കുകയും തെറ്റ് കണ്ടാല്‍ മുഖം നോക്കാതെ വിമര്‍ശിക്കുകയും ചെയ്ത മാഷ് ഒട്ടേറെ പേരുടെ ശത്രുത സമ്പാദിക്കുകയും ചെയ്തു. ഒരിക്കല്‍ പുകഴ്ത്തിയവരെ പിന്നീട് രൂക്ഷമായ ഭാഷയില്‍ ഇകഴ്ത്തുന്ന അഴീക്കോടിന്റെ നിലപാടും വിമര്‍ശനവിധേയമായി. എല്ലാ പൗരന്‍മാരെയും സമന്മാരായി കാണണമെന്ന ഭരണഘടനാ നിര്‍ദ്ദേശത്തിന് വിരുദ്ധമാണ് പദ്മ അവാര്‍ഡെന്ന് പറഞ്ഞുകൊണ്ട് 1997-ല്‍ പദ്മശ്രീ പുരസ്‌കാരം നിരസിച്ച അഴീക്കോടിന്റെ നിലപാടുകള്‍ എല്ലായ്‌പ്പോഴും വേറിട്ടതായിരുന്നു. ജൂഡീഷ്യറിയെ വിമര്‍ശിച്ചതുകൊണ്ട് ജുഡീഷ്യറി മോശമാവില്ലെന്ന് പ്രഖ്യാപിക്കാനും അഴീക്കോടിന് ഒട്ടും സങ്കോചമുണ്ടായിരുന്നില്ല. ജി ശങ്കരക്കുറുപ്പ്, ടി പത്മനാഭന്‍, പ്രൊഫ. എം കെ സാനു, വി എസ് അച്യുതാനന്ദന്‍, മാതാ അമൃതാനന്ദമയി, വെള്ളാപ്പള്ളി നടേശന്‍, എം വി ദേവന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, എം പി വീരേന്ദ്രകുമാര്‍, മോഹന്‍ലാല്‍ എന്നിങ്ങനെ നിരവധി പേരാണ് അഴീക്കോടിന്റെ വിമര്‍ശനശരങ്ങള്‍ക്ക് വിധേയരായത്. മഹാകവിയുടെ ജി ശങ്കരക്കുറുപ്പിന്റെ പല കവിതകളും അനുകരണമാണെന്നും അര്‍ഹിക്കാത്ത ബഹുമതികളാണ് അദ്ദേഹത്തിന് ലഭിക്കുന്നതെന്നും പറഞ്ഞുകൊണ്ട് സാഹിത്യലോകത്തേക്ക് കയറിവന്ന ചെറുപ്പക്കാരന്റെ ആഴത്തിലുള്ള വിമര്‍ശനങ്ങളും പഠനങ്ങളും മലയാള സാഹിത്യനിരൂപണരംഗത്ത് പുതുചലനങ്ങളാണ് സൃഷ്ടിച്ചത്. ശങ്കരക്കുറുപ്പിന്റെ കവിതകളെ നിശിതമായ ഭാഷയില്‍ വിമര്‍ശിക്കുമ്പോഴും അദ്ദേഹവുമായി ഊഷ്മളമായ സൗഹൃദബന്ധം പുലര്‍ത്താന്‍ മാഷിന് സാധിച്ചിരുന്നു. ടി പത്മനാഭനും ഡോ. സുകുമാര്‍ അഴീക്കോടും തമ്മില്‍ നിലനിന്ന അസ്വാരസ്യങ്ങള്‍ക്ക് ദശകങ്ങളുടെ പഴക്കമുണ്ടായിരുന്നു. മലയാളചെറുകഥയുടെ കുലപതിയെന്ന വിശേഷണത്തിന് ടി പത്മനാഭന്‍ അര്‍ഹനല്ലെന്ന് പ്രഖ്യാപിച്ച അഴീക്കോടിനെതിരെ ടി പി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. സുകുമാര്‍ എന്ന് സ്റ്റൈലായി അഴീക്കോടിനെ വിളിക്കേണ്ടതില്ലെന്നും 'അവന്‍ അഴീക്കോടിലെ സുകുമാരന്‍' ആണെന്നും ടി പത്മനാഭന്‍ വിമര്‍ശിച്ചപ്പോള്‍ 'പപ്പനാവന്‍' പറയുന്നത് കാര്യമാക്കേണ്ടതില്ലെന്ന് പറഞ്ഞ് അതേ നാണയത്തില്‍ തിരിച്ചടിയ്ക്കുകയാണ് അഴീക്കോട് ചെയ്തത്. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട പിണക്കം, രോഗാതുരനായി കിടന്ന അഴീക്കോടിനെ പത്മനാഭന്‍ സന്ദര്‍ശിച്ച മാത്രയില്‍ തന്നെ അലിഞ്ഞില്ലാതായി. 'നിന്നോട് എതിരിടാന്‍ എനിക്കിനി വയ്യ' എന്ന് പറഞ്ഞുകൊണ്ട് അഴീക്കോട് കരം ഗ്രഹിച്ചപ്പോള്‍ മലയാള ചെറുകഥയുടെ കുലപതിയുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പിയതിനും കേരളീയര്‍ സാക്ഷ്യം വഹിച്ചു. അഴീക്കോടുമായി വര്‍ഷങ്ങളായി ആരോപണ-പ്രത്യാരോപണങ്ങള്‍ നടത്തിയ പ്രൊഫ. എം കെ സാനുമാസ്റ്ററുടെ സ്ഥിതിയും ഒട്ടും വ്യത്യസ്തമായിരുന്നില്ല. ഹിമാലയപര്‍വ്വതം പോലെ ജനസമ്മതനെന്നും ജനസേവനത്തിന്റെ മഹദ്പ്രതീകമെന്നും ഒരിക്കല്‍ വിശേഷിപ്പിച്ച അതേ വി എസ് അച്യുതാനന്ദനെ കൂട്ടില്‍ വിസര്‍ജ്ജിക്കുന്ന ജീവിയെന്ന് അഴീക്കോട് വിമര്‍ശിക്കുന്നതും സാംസ്‌കാരികേരളം കേട്ടു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റപ്പോള്‍ വി എസിന്റെ ചിരിയെ അശ്ലീലച്ചിരിയെന്നാണ് മാഷ് വിശേഷിപ്പിച്ചത്. ഒടുവില്‍ വി എസ് ഫോണ്‍ വിളിച്ചെന്ന് അഴീക്കോടും വിളിച്ചില്ലെന്ന് വി എസും പറഞ്ഞതോടെ ഫോണിന്റെ പേരിലായി വിവാദം. പ്രായമേറിയിട്ടും അധികാരമോഹം കാണിക്കുന്ന വി എസിനെതിരെ ആദ്യം പരസ്യമായി രംഗത്തെത്തിയ അഴീക്കോട്, വാര്‍ധക്യത്തിലും യൗവനമുണ്ട് എന്ന് പറഞ്ഞ് പിന്നീട് നിലപാട് തിരുത്തി. മാതാഅമൃതാനന്ദമയീ ദേവി കെട്ടിപ്പിടിക്കേണ്ടത് റിട്ടയര്‍ ചെയ്ത കുടവയറന്‍മാരെയല്ല മറിച്ച് കുഷ്ഠരോഗികളെയാണെന്ന അഴീക്കോടിന്റെ പ്രസ്താവന ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ചെറുതല്ലായിരുന്നു. സ്‌പെഷല്‍ പ്രോസിക്യൂട്ടറെ കയ്യുംകാലുമൊടിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊലയാളികളുടെ സംഘടനയാണെന്നും കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ ഗുരൂവായൂര്‍ സന്ദര്‍ശിച്ചപ്പോള്‍ പുണ്യാഹം നടത്തിയ ഭരണസമിതിയെ പുറത്താക്കി അമ്പലം ശുദ്ധീകരിക്കണമെന്നുമുള്ള അഴീക്കോട് മാഷിന്റെ പരാമര്‍ശങ്ങള്‍ സൃഷ്ടിച്ച കോലാഹലം ഏറെ വലുതായിരുന്നു. നടന്‍മാര്‍ക്ക് ഡോക്ടറേറ്റ് നല്‍കുന്ന കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകാശാല അധികൃതരും മാഷിന്റെ വിമര്‍ശനത്തിന്റെ ചൂടറിഞ്ഞു. പ്രൊഫ. എം എന്‍ വിജയന്‍ മാഷിന്റെ മരണവുമായി ബന്ധപ്പെട്ട് മാഷ് നടത്തിയ പ്രസ്താവനകളും വിവാദത്തിനിട നല്‍കി. ഗുരുദേവസന്ദേശപ്രചാരണത്തില്‍ വീഴ്ച വരുത്തിയതിന് എസ് എന്‍ ഡി പിയെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും രൂക്ഷമായ ഭാഷയിലാണ് സുകുമാര്‍ അഴീക്കോട് വിമര്‍ശിച്ചത്. എന്നാല്‍ അഴീക്കോടിന്റെ വിമര്‍ശന ശരങ്ങള്‍ക്ക് വിധേയനായ വെള്ളാപ്പള്ളി നടേശന്‍ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മാഷിനെ സന്ദര്‍ശിച്ച മാത്രയില്‍ അതുവരെ നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍ക്ക് വിരാമമായി. മക്കളുടെ ചോര കുടിക്കുന്ന പിശാചായി അമ്മ താരസംഘടനയെയും കുങ്കുമം ചുമക്കുന്ന കഴുതയായി മോഹന്‍ലാലിനെയും അഴീക്കോട് വിമര്‍ശിച്ചു. മലയാള താരസംഘടനയായ അമ്മ നടന്‍ തിലകനെതിരെ അച്ചടക്കനടപടി സ്വീകരിച്ചപ്പോള്‍ ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഇടപെടല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പ്രശ്‌നം വഴി മാറി അഴീക്കോടും മോഹന്‍ലാലുമായുള്ള രൂക്ഷമായ വാഗ്വാദത്തിലും ആരോപണ-പ്രത്യോരോപണങ്ങളിലും കലാശിച്ചപ്പോള്‍ മലയാള സാംസ്‌കാരികലോകവും സിനിമാ ലോകവും പ്രശ്‌നത്തെ അതീവ ശ്രദ്ധയോടെയായിരുന്നു അത് വീക്ഷിച്ചത്. ഒടുവില്‍ 'അമ്മ' അഴീക്കോടിനെതിരെയും അഴീക്കോട് മോഹന്‍ ലാലിനെതിരെയും മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതും ഒടുവില്‍ കേസ് ഒത്തുതീര്‍പ്പായതുമെല്ലാം വാര്‍ത്തകളിലിടം നേടി. മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി മാഷിനെ കാണുകയും അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വണങ്ങി നിറകണ്ണുകളോടെ യാത്രയാവുകയും ചെയ്തതിനും സാംസ്‌കാരികേരളം സാക്ഷ്യം വഹിച്ചു. ആത്മകഥയില്‍ തന്നെ അപകീര്‍ത്തികരമായി ചിത്രീകരിച്ചുവെന്ന് കാണിച്ച് കാമുകിയായ വിലാസിനി ടീച്ചര്‍ അഴീക്കോടിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചതും വിവാദങ്ങളുടെ പട്ടികയിലിടം നേടി. ഒടുവില്‍ ചികിത്സയിലിരിക്കെ ആശുപത്രിയിലെത്തിയ ടീച്ചര്‍ 'പൊന്നുപോലെ നോക്കിക്കൊള്ളാം' എന്ന് പറഞ്ഞപ്പോള്‍ 'ഈ വാക്കുകള്‍ മാത്രം മതി ഇനി ജീവിക്കാന്‍' എന്ന് അഴീക്കോട് മാഷ് മറുപടി നല്‍കിയപ്പോള്‍ വിവാദങ്ങള്‍ക്കപ്പുറം നഷ്ടപ്രണയത്തിന്റെ വിങ്ങലാണ് ബാക്കിയായത്. ഏറ്റവുമൊടുവില്‍ മരണത്തിലും വിവാദത്തിനിട നല്‍കിയാണ് സാഹിത്യവിമര്‍ശനരംഗത്തെ കുലപതി യാത്രയായത്. അഴീക്കോടിന്റെ മൃതദേഹം പ്രവര്‍ത്തനമണ്ഡലമായ തൃശൂരില്‍ സംസ്‌കരിക്കണമെന്ന് സുഹൃത്തുക്കളും സാഹിത്യഅക്കാദമി പ്രവര്‍ത്തകരും ആവശ്യപ്പെട്ടപ്പോള്‍ സംസ്‌കാരം കണ്ണൂര്‍ പയ്യാമ്പലത്ത് തന്നെ നടത്തണമെന്നായിരുന്നു ബന്ധുക്കളുടെ ആഗ്രഹം. ഒടുവില്‍ ആ സര്‍ഗ്ഗപ്രതിഭയുടെ സംസ്‌കാരസ്ഥലം ബന്ധുക്കളുടെ ഇഷ്ടപ്രകാരം കണ്ണൂരില്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അഴീക്കോട് മാഷ് ഓര്‍മ്മയായതോടെ മലയാള സാഹിത്യവിമര്‍ശന രംഗത്തെ സിംഹാസനം ഒഴിഞ്ഞ അവസ്ഥയിലാണ്. വാക്കുകളില്‍ അഗ്നിയും ചിന്തകളില്‍ യൗവനവും നിലപാടുകളില്‍ കാര്‍ക്കശ്യവും നിറച്ച് കേരളത്തിന്റെ സാംസ്‌കാരിക മനഃസാക്ഷിയായി നിലകൊണ്ട പ്രതിഭാധനന്‍ ചരിത്രത്തിലേക്ക് നടന്നുകയറിയിരിക്കുകയാണ് ...പുതിയ വിവാദങ്ങള്‍ക്ക് അവസരമൊരുക്കാന്‍ കാത്തുനില്‍ക്കാതെ.... |
| < മുന്‍ പേജ് | അടുത്തത് > |
|---|

എസ് ശ്രീശാന്ത്
-°C 