| നിലയ്ക്കുന്നില്ല, ആ സാഗരഗര്‍ജ്ജനം |
പി സജിത്കുമാര്കണ്ണൂര്: കണ്ണൂരിന്റെ മണ്ണില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ലീഡറായി ജ്വലിച്ചുയര്‍ന്ന കെ കരുണാകരനു പിന്നാലെ സാം സ്‌കാരിക നഭോമണ്ഡലത്തിലെ കണ്ണൂരിന്റെ തിളക്കമാര്‍ന്ന സാന്നിദ്ധ്യം കൂടി അസ്തമിച്ചിരിക്കുകയാണ്. കണ്ണൂരിലെ അഴീക്കോട് നിന്ന് ലോകമലയാളികളുടെ മനസിലേക്ക് പ്രസംഗകലയിലൂടെ കുടിയേറിയ ഡോ സുകുമാര്‍ അഴീക്കോടിന്റെ അന്ത്യനിദ്രയും ജന്മനാട്ടില്‍. മഹാരഥന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്ത് ഇനിയെത്തുന്ന ഓരോ മലയാളികളുടേയും മനസില്‍ എക്കാലവും അലയടിക്കും ആ സാഗരഗര്‍ജ്ജനം. കര്‍മമണ്ഡലം ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയിലായിരുന്നെങ്കിലും ഉത്തരകേരളത്തിലെ സാംസ്‌കാരികപരിപാടികള്‍ക്ക് എന്നു പ്രഥമപരിഗണന നല്‍കാറുണ്ടായിരുന്നു അഴീക്കോട് മാഷ്. രോഗശയ്യയിലായിരുന്നില്ലെങ്കില്‍ ഡോ സുകുമാര്‍ അഴീക്കോടിന്റെ ഏറ്റവും പ്രൗഢമായ ഒരു പ്രസംഗത്തിന് വേദിയാകുമായിരുന്നത് കഴിഞ്ഞ മാസം കണ്ണൂരിലെ മഹാത്മാ മന്ദിരമായിരുന്നു. സ്വാതന്ത്ര്യസമര സേനാനി ടി വി അനന്തന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രഥമപുരസ്‌കാരം ഏറ്റുവാങ്ങാന്‍ പുരസ്‌കാരജേതാവായ ഡോ സുകുമാര്‍ അഴീക്കോടിനെത്താനായില്ല. പുരസ്‌കാരം നല്‍കാന്‍ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ഇന്ത്യയുടെ പ്രതിരോധമന്ത്രി എ കെ ആന്റണിയെത്തി അഴീക്കോടിന്റെ അസുഖം എത്രയും വേഗം ഭേദമാകട്ടെയെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. ഗാന്ധിയന്മാരും മഹത്തായ വിശ്വാസ, ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തുന്നവരുമായ വലിയൊരു സദസ് അന്ന് തങ്ങള്‍ക്ക് പ്രിയങ്കരനായ അഴീക്കോട് മാഷിനു വേണ്ടി നിശബ്ദം പ്രാര്‍ത്ഥിക്കുകയായിരുന്നു. പുസ്തക പാരായണത്തിനും ചര്‍ച്ചകള്‍ക്കും ഏറെ വ്യാപ്തി ഇല്ലാതിരുന്ന കാലഘട്ടത്തില്‍ കൈയില്‍ കിട്ടുന്നതെല്ലാം വായിച്ചും സ്വയം വിശകലനം നടത്തിയും മുന്നേറിയ ബാല്യവും കൗമാരവുമാണ് സുകുമാരനെന്ന ബാലനെ ഡോ. സുകുമാര്‍ അഴീക്കോടാക്കി മാറ്റിയത്. സെന്റ് ആഗ്‌നസ് കോളജില്‍ മലയാളം പ്രഫസറായിരുന്ന പിതാവ് വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്‍ തന്നെയാണ് കുഞ്ഞുസുകുമാരനെ അക്ഷരവഴിയിലേക്കു കൈപിടിച്ചു നടത്തിയത്. കുട്ടിക്കാലത്തേ പുസ്തകങ്ങളുമായായിരുന്നു സുകുമാരന്റെ സൗഹൃദം. മുതിര്‍ന്നവര്‍ക്കു പോലും വായിച്ചാല്‍ എളുപ്പം മനസിലാകാത്ത പുസ്തകങ്ങള്‍ വായിച്ചും മുതിര്‍ന്നവരുടെ സാഹിത്യ ചര്‍ച്ചകള്‍ നിശബ്ദമായി കേട്ടും സ്വയം എഴുത്തിന്റെയും വായനയുടേയും പ്രഭാഷണത്തിന്റേയും വഴിയില്‍ മുന്നേറുകയായിരുന്നു അദ്ദേഹം. ആത്മവിദ്യസംഘത്തിന്റെ സ്ഥാപകന്‍ വാഗ്ഭടാനന്ദ ഗുരുദേവന്‍, എം. ടി. കുമാരന്‍, സ്വാതന്ത്ര്യസമര സേനാനി കൂടിയായിരുന്ന ടി. വി. അനന്തന്‍ എന്നിവരൊക്കെ ബാലനായ സുകുമാരന്റെ പരിചയക്കാരായിരുന്നു. പിതാവ് ദാമോദരന്‍ മാഷുടെ സുഹൃത്തുക്കളായ ഇവര്‍ വീട്ടിലെത്തുന്ന പതിവുകാരായിരുന്നു. ഇവരുടെ സാഹിത്യ ചര്‍ച്ചകളും വിശകലനവും കേട്ടു വളര്‍ന്ന കുട്ടി അക്ഷരവെളിച്ചത്തെ മാറോടു ചേര്‍ത്തു വളര്‍ന്നു. പുരാണേതിഹാസങ്ങളില്‍ തുടങ്ങിയ വായന പിന്നീട്് അക്ഷരത്തിന്റെ മഹാമേരുകള്‍ താണ്ടി അനന്തമായ പ്രയാണമായി തുടര്‍ന്നു. എന്താണ് സാഹിത്യമെന്നു പോലും അറിയാതെ വായന തുടങ്ങിയ താന്‍ മണിപ്രവാള കാവ്യങ്ങളിലേക്കു കടന്നതോടെയാണ് സാഹിത്യത്തെ കുറിച്ചു മനസിലാക്കി തുടങ്ങിയതെന്നു അഴീക്കോട് മാഷ് തന്നെ ഒരിക്കല്‍ പറയുകയുണ്ടായി. ചെറുപ്പത്തിലേയുള്ള സംസ്‌കൃതത്തോടുള്ള അടുപ്പമാണ് എം.എയക്ക് തന്നെ സ്വര്‍ണമെഡല്‍ ജേതാവാക്കി മാറ്റിയതെന്നാണ് ആത്മകഥയില്‍ അദ്ദേഹം കുറിച്ചിട്ടത്. വീട്ടിലെ പുസ്തകങ്ങള്‍ ഏതാണ്ടെല്ലാം വായിച്ചു തീര്‍ന്നതോടെ വായനയുടെ പുതിയ മേച്ചില്‍ പുറം തേടിയുള്ള അലച്ചിലായിരുന്നു. അക്കാലത്ത് വായനശാലകളും ഗ്രന്ഥാലയങ്ങളും കുറവായിരുന്നു. അക്ഷരവെളിച്ചം തേടിയുള്ള അലച്ചിലില്‍ സുകുമാര്‍ അഴീക്കോട് ചെന്നെത്തിയത് അഴീക്കോടു സ്വദേശിയായ കോണ്‍ഗ്രസ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന പാമ്പന്‍ മാധവന്റെ അടുത്തായിരുന്നു. ഇദ്ദേഹത്തിന്റെ ഗ്രന്ഥ ശേഖരങ്ങളും അഴീക്കോടിനെ രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. വായനയുടെ വസന്തത്തില്‍ അഴീക്കോട് മാഷ് ആനന്ദം കണ്ടു. വേദേതിഹാസങ്ങളും പുരാണവും ക്ലാസിക്കുകളും വായിച്ചു പ്രസംഗ വേദിയില്‍ നിര്‍ഗളമായി വാക്കുകള്‍ പ്രയോഗിച്ചിരുന്ന അഴീക്കോട് മാഷിനു കുറ്റാന്വേഷണ സാഹിത്യങ്ങളും പ്രിയപ്പെട്ടതായിരുന്നു. ആയിരത്തോളും കുറ്റാന്വേഷണ സാഹിത്യങ്ങളും ഇദ്ദേഹത്തിന്റെ ഗ്രന്ഥശേഖരത്തിലുണ്ട്. വിവേചനങ്ങളില്ലാത്ത വായനയുടെ വസന്തമായിരുന്നു അദ്ദേഹം കൂടെ കൊണ്ടു നടന്നത്. മലയാളത്തിന് മറക്കാനാകാത്ത മുഖമായി സാഹിത്യ സാംസ്‌കാരിക രംഗത്തെ നിത്യവസന്തമായി ഡോ സുകുമാര്‍ അഴീക്കോട് എക്കാലവുമുണ്ടാകും. |
| < മുന്‍ പേജ് | അടുത്തത് > |
|---|

പി സജിത്കുമാര്‍
-°C 