|
എയര്‍ ഇന്ത്യ വിമാനം ഒരു ദിവസം വൈകി; യാത്രക്കാര്‍ 24 മണിക്കൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങി |
|
തിരുവനന്തപുരം: റിയാദില്‍ നിന്ന് വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തേണ്ട എയര്‍ ഇന്ത്യ വിമാനം ഒരു ദിവസം വൈകി.
ഇതുമൂലം സ്ത്രീകളും കുട്ടികളും അടക്കം അഞ്ഞൂറോളം യാത്രക്കാര്‍ ഒരു രാത്രിയും പകലും വിമാനത്താവളത്തില്‍ കഴിച്ചു കൂട്ടേണ്ടി വന്നു. തുടര്‍ന്ന് ഇന്നലെ തിരുവനന്തപുരത്തെത്തിയ വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ പുറത്തിങ്ങാതെ പ്രതിഷേധിച്ചു. ഇരുപത്തിയേഴാം തീയതി പുലര്‍ച്ചെ രണ്ട് പത്തിന് റിയാദില്‍ നിന്നു പുറപ്പെട്ട് ഒന്‍പത് മണിക്ക് തിരുവനന്തപുരത്തെത്തേണ്ട വിമാനമാണ് ഒരു ദിവസം വൈകിയത്. പുറപ്പെടേണ്ട സമയമായപ്പോള്‍ പെയിലറ്റില്ലാത്തതിനാല്‍ വിമാനം എട്ടു മണിക്കൂര്‍ വൈകുമെന്ന് അറിയിപ്പു വന്നു. പക്ഷേ വിമാനം പുറപ്പെട്ടത് ഇന്ന് പുലര്‍ച്ചെ 1.35-നായിരുന്നു. ഇതുമൂലം കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം അഞ്ഞൂറോളം യാത്രക്കാര്‍ക്കാണ് ഒരു ദിവസം വിമാനത്താവളത്തില്‍ കഴിച്ചുകൂട്ടേണ്ടി വന്നത്. ബദല്‍ സംവിധാനം ഒരുക്കാന്‍ എയര്‍ ഇന്ത്യാ അധികൃതര്‍ തയാറായില്ലെന്നും ദിവസം മുഴുവന്‍ പട്ടിണിയായിരുന്നുവെന്നും യാത്രക്കാര്‍ പറയുന്നു. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്നാണ് ഒരുമണിക്കൂറോളം യാത്രക്കാര്‍ വിമാനത്തില്‍ നിന്നിറങ്ങാതെ പ്രതിഷേധിച്ചത്. വീട്ടിലെത്തി കുടുംബത്തോടൊപ്പം പെരുന്നാളാഘോഷിക്കാനിരുന്നവര്‍ക്ക് എയര്‍ ഇന്ത്യ കാരണം അതും മുടങ്ങി. ഇനി എയര്‍ ഇന്ത്യയിലെ യാത്രയ്ക്കില്ലെന്നാണ് രോഷാകുലരായ യാത്രക്കാര്‍ പറയുന്നത്. ഇതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ അറേബ്യാ വിമാനത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് 24 മണിക്കൂറിന് ശേഷമാണ് ബാഗേജുകള്‍ കിട്ടിയതെന്ന പരാതിയുമുണ്ട്. വിമാനത്താവളത്തില്‍ നിന്ന് ബാഗേജുകള്‍ നഷ്ടമാകുന്നത് പതിവാകുന്നതിനിടെയാണ് ഈ സംഭവം. 18 യാത്രക്കാരുടെ ബാഗേജുകളാണ് വൈകിയെത്തിയത്.
ആറ്റിങ്ങല്‍ സ്വദേശി ഫസല്‍ ഹക്ക് അമീന്‍ ഈദ് പെരുന്നാളിനായി വ്യാഴാഴ്ച എത്തിയതാണ്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഉച്ചക്ക് ഒരു മണിക്ക് എത്തി. പക്ഷേ ഫസലിന്റെ മൂന്ന് ബാഗേജുകള്‍ കിട്ടിയില്ല. ഇത്തരത്തില്‍ മറ്റ് യാത്രക്കാരും ബാഗേജിനായി കാത്ത് നിന്നെങ്കിലും കിട്ടാതായപ്പോഴാണ് ബാഗേജ് ഇല്ലെന്ന വസ്തുത മനസിലായത്. പിന്നീട് എയര്‍ അറേബ്യ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ തന്നെ എത്തിക്കാമെന്ന് അറിയിച്ചു. ഒരു ദിവസത്തിനുശേഷമാണ് ബാഗേജുകള്‍ എത്തിയത്. ബാഗേജ് വൈകി എത്തിയതുമൂലം യാത്രക്കാര്‍ക്ക് ബാഗേജ് വാങ്ങാന്‍ വീണ്ടും തിരുവനന്തപുരത്ത് എത്തേണ്ടിയും വന്നു.
ബക്രീദാഘോഷത്തില്‍ പങ്കെടുക്കേണ്ട യാത്രക്കാരാണ് ഇതു മൂലം കൂടുതല്‍ വലഞ്ഞത്. 18 യാത്രക്കാരുടെ മുപ്പതോളം ബാഗേജുകള്‍ മറ്റൊരു വിമാനത്തില്‍ വെള്ളിയാഴ്ച വൈകിട്ടോടെ എയര്‍ അറേബ്യ എത്തിച്ചിട്ടുണ്ട്. ഷാര്‍ജയില്‍ നിന്നും പറ്റിയ പിഴവാണ് ബാഗേജ് വൈകുന്നതിന് കാരണമായതെന്നാണ് എയര്‍ അറേബ്യ അധികൃതര്‍ പറയുന്നത്. അതേസമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നവരുടെ ബാഗേജുകള്‍ മോഷണം പോകുന്നതായും പരാതിയുണ്ട്.
|