|
റോഡപകടം: മൂന്ന് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു |
|
കിളിമാനൂര്‍: ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച മാരുതിവാനും ലോറിയും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു.
മൂന്നുപേര്‍ക്ക് പരിക്കേറ്റു. കിളിമാനൂരിനു സമീപം നഗരൂര്‍ വെള്ളല്ലൂര്‍ പാളയം ഗിരിജ മന്ദിരത്തില്‍ രാജേഷ് (25), പാളയം സുനി നിവാസില്‍ സുധീര്‍(35), പാളയം സുമന്‍ നിവാസില്‍ (ചേറാടിവിളയില്‍) അര്‍ജ്ജുന്‍ (9) എന്നിവരാണ് മരിച്ചത്. പാളയം സുമന്‍ നിവാസില്‍ അര്‍ജ്ജുനന്റെ സഹോദരന്‍ സുമന്‍ (23)പാളയം വിനീത് ഭവനില്‍ വിനീത് (19)പാളയം അശ്വതി ഭവനില്‍ അനൂപ് (20) എന്നിവര്‍ പരിക്കേറ്റ് ചികില്‍സയിലാണ്. ഇന്നലെ വൈകീട്ട് നാലുമണിയോടെ ജില്ലാതിര്‍ത്തിയായ തട്ടത്തുമലയ്ക്ക് സമീപം മണലേത്തുപച്ചയിലായിരുന്നു ദുരന്തം. കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്കു വരികയായിരുന്ന ഞഞ്ഞഇ 827 നമ്പര്‍ കെ.എസ്.ആര്‍.ടിസിയുടെ ഗ്ലാസ്സ് ഇളകിവീണ് റോഡില്‍ നിര്‍ത്തി. ഇതിനു പിന്നാലെ ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന മാരുതി ഒമ്നി വാന്‍ ബസ്സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍വശത്തുനിന്നും വന്ന തമിഴ്‌നാട് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതുവഴി വന്ന ഡിവൈ.എസ്.പിയും ഒരു ജീപ്പ്പില്‍ വെല്‍ഡിങ് മെറ്റീരിയലുമായി വന്ന ജീപ്പ്പിലെ തൊഴിലാളികളും ചേര്‍ന്നു അപകടത്തില്‍പ്പെട്ടവരെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് കിളിമാനൂര്‍ പോലിസ് സ്ഥലത്തെത്തി വാഹനത്തിന്റെ മുന്‍വശത്ത് കുടുങ്ങിയവരെ പുറത്തെടുത്ത് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ശക്തിയില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടസമയത്തു കനത്ത മഴയായിരുന്നു.
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് ബന്ധുക്കളായ പത്തംഗ സംഘം വെള്ളല്ലൂര്‍ അണയില്‍ ഭദ്രകാളി ക്ഷേത്രത്തില്‍ നിന്നും രണ്ട് വാഹനങ്ങളിലായി ദര്‍ശനത്തിന് പോയത്. സുധീറും രാജേഷും ഗള്‍ഫില്‍ നിന്നും ഏതാനും മാസം മുമ്പാണ് നാട്ടിലെത്തിയത്. ഗോപാലകൃഷ്ണനാശാരി, രാധ ദമ്പതികളുടെ മകനായ അര്‍ജ്ജുന്‍ നഗരൂര്‍ ശ്രീ ശങ്കരാവിദ്യാപീഢം സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. പരേതനായ ശശിധരന്‍ ആചാരിയുടേയും രാധയുടേയും മകനാണ് രാജേഷ്. സഹോദരിയുടെ വിവാഹത്തിനായി രണ്ടു മാംസം മുമ്പാണ് നാട്ടിലെത്തിയത്. രജനി, ഗിരിജ സഹോദരങ്ങളാണ്. ശിവതാണു ആചാരി, ശീതമ്മാള്‍ ദമ്പതികളുടെ മകനാണ് സുധീര്‍. മൂന്നു പേരുടേയും മൃതദേഹങ്ങള്‍ വെഞ്ഞാറമൂട് ഗോകുലം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
|