അര്‍ബുദം മാറ്റാന്‍ മുഖലേപനം പൂശുന്ന സി പി എം!-2

Imageപ്രത്യയശാസ്ത്ര ജഡങ്ങളും പി ബിയുടെ തുടിയും തുള്ളലും

പി മുഹമ്മദലി
തെറ്റുതിരുത്തല്‍ ക്യാംപയിന്‍ എന്ന പേരില്‍ സി പി എമ്മില്‍ ഇപ്പോള്‍ ആചരിക്കുന്ന വ്രതാനുഷ്ഠാനം പുതിയ കര്‍മപദ്ധതിയൊന്നുമല്ല.

പാര്‍ട്ടിക്കകത്ത്‌ അന്യവര്‍ഗശീലങ്ങളും ചിന്താഗതികളും തുളഞ്ഞു കയറുന്നതായി ആദ്യത്തെ കുമ്പസാരമുണ്ടായത്‌ 1996 ഒക്ടോബര്‍ 20-31 തീയതികളില്‍ നടന്ന കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ച രേഖയിലാണ്‌.
2008ലെ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്‌ അംഗീകരിച്ച രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിലും ഇത്‌ ആവര്‍ത്തിച്ചു. തൊഴിലാളിവര്‍ഗ ജീവിത രീതിയോട്‌ വിട പറഞ്ഞു; മുതലാളിത്തത്തിന്റെ ആഡംബര സുഖലോല താല്‍പര്യങ്ങള്‍ പാര്‍ട്ടിയെ വിഴുങ്ങിയത്‌ പൊടുന്നനെയായിരുന്നില്ല. ക്രമേണയായിരുന്നു. ആഗോള കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അസ്തമയ വേളയില്‍ പ്രത്യക്ഷപ്പെട്ട അതേ ഹീനതകളാണ്‌ ഇപ്പോള്‍ സി പി എമ്മിനെയും പിടികൂടിയിരിക്കുന്നത്‌. കെടാന്‍ പോകുന്ന വിളക്കിന്റെ ആളിക്കത്തല്‍ പോലെ പാര്‍ട്ടിക്കകത്ത്‌ ജ്വലിച്ചു നില്‍ക്കുന്നത്‌ പ്രത്യയശാസ്ത്ര സത്യങ്ങളല്ല; അന്യവര്‍ഗ സംസ്കാര മാതൃകകളാണ്‌.


കേരളത്തിലെയും ബംഗാളിലെയും പാര്‍ട്ടി നേതാക്കളുടെ ധനസമ്പാദനം; പാര്‍ട്ടി സ്വത്തുക്കളുടെ വന്‍ വളര്‍ച്ച; അണികളുടെ ധനാര്‍ത്തി എല്ലാം മുന്‍ കമ്യൂണിസ്റ്റ്‌ രാഷ്ട്രങ്ങളിലും ആടി തിമിര്‍ത്തതാണ്‌. പാര്‍ട്ടിയെയും ഭരണകൂടത്തെയും നയിച്ചിരുന്ന കമ്യൂണിസ്റ്റ്‌ രാജ്യങ്ങളിലെ നേതാക്കള്‍ സ്വകാര്യ വിപണികളില്‍ ബിനാമികളെ ഇറക്കി സ്വകാര്യ ലാഭം കൊയ്തു. അധോലോക പ്രവര്‍ത്തനങ്ങളും ആയുധകച്ചവടങ്ങളും വ്യവസായങ്ങളായി, നേതാക്കള്‍ അതിന്റെ പങ്കാളികളുമായി. ഫോര്‍ബ്‌ മാസികയുടെ 2004ലെ വെളിപ്പെടുത്തല്‍ പ്രകാരം ലോകത്തെ ഏറ്റവും ധനികരായ അഞ്ചുപേരില്‍ രണ്ടുപേര്‍ സോവിയറ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുന്‍ പി ബി അംഗങ്ങളായിരുന്നു. ആ ചരിത്രം കേരളത്തിലും ആവര്‍ത്തിക്കുകയാണ്‌. വിദേശ വ്യവസായികളുമായി ബന്ധമുള്ള കേരളത്തിലെ നേതാക്കള്‍ ആ പി ബി അംഗങ്ങളുടെ അനുഗ്രഹീത ശിഷ്യരാണ്‌.

 

അവിശുദ്ധ മാര്‍ഗങ്ങളിലൂടെ പാര്‍ട്ടി തന്നെ സ്വത്തുക്കള്‍ വാരിക്കൂട്ടുന്നുവെന്നതിന്റെ ഉത്തമ തെളിവുകളാണ്‌ നാല്‌ വര്‍ഷം മുമ്പ്‌ കേന്ദ്ര ധനമന്ത്രകാര്യാലയം പുറത്ത്‌ വിട്ടത്‌. 4000 കോടി രൂപയുടെ ആസ്തിയാണ്‌ രേഖകള്‍ പ്രകാരം സി പി എമ്മിനുള്ളത്‌. പക്ഷെ; ഇക്കണോമിക്സ്‌ ടൈംസിന്റെ കണക്ക്പ്രകാരം ഇത്‌ 5000 കോടി കവിയും. പാട്ടപ്പിരിവ്‌ കൊണ്ടോ വര്‍ഗ ബഹുജനസംഘടനകളുടെ ലെവി കൊണ്ടോ ഇത്രയും തുക മനുഷ്യസഹജ രീതിയില്‍ ഒരിക്കലും സംഭരിക്കുക സാധ്യമല്ല. ആ പണത്തിന്റെ സ്രോതസ്സുകളാണ്‌ സി പി എമ്മിനെ ചുവപ്പില്‍ നിന്നും കറുപ്പിലേക്ക്‌ നയിച്ചത്‌. പറ്റിയ തെറ്റുകള്‍ തിരുത്തുകയാണ്‌ ക്യാംപെയിന്റെ ലക്ഷ്യമെങ്കില്‍ തിരുവനന്തപുരത്തെ എ കെ ജി സെന്ററിന്റെയും ഡല്‍ഹിയിലെ എ കെ ജി ഭവന്റെയും അടിത്തറ വരെ മാന്തേണ്ടി വരും. കഴിഞ്ഞ മൂന്നര വര്‍ഷത്തെ ഭരണത്തില്‍ മാത്രം കേരളത്തില്‍ സി പി എം സമ്പാദിച്ച സ്വത്തുക്കള്‍ വന്‍ വളര്‍ച്ച നേടുന്ന റിലയന്‍സിനെ പോലും ഞെട്ടിക്കുന്നതാണ്‌.

 

അഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിച്ച കണ്ണൂരിലെ വാട്ടര്‍ തീം പാര്‍ക്ക്‌, 40 കോടി രൂപ ചിലവില്‍ തിരുവനന്തപുരത്ത്‌ സ്ഥാപിക്കുന്ന അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള പാര്‍ട്ടി ചാനല്‍ ആസ്ഥാനം, ആറ്‌ കോടി രൂപയ്ക്ക്‌ വിലക്ക്‌ വാങ്ങിയ കണ്ണൂര്‍ തിരുവേപ്പതി മില്‍ ഭൂമിയില്‍ സ്ഥാപിക്കുന്ന 10 കോടി രൂപ ചിലവിലുള്ള നായനാര്‍ സ്മാരക കോംപ്ലക്സ്‌, തമ്പാനൂരില്‍ സ്ഥാപിക്കുന്ന 15 കോടി രൂപയുടെ ദേശാഭിമാനി മന്ദിരം, 50 കോടി രൂപ ചിലവില്‍ കോഴിക്കോട്‌ കോമണ്‍വെല്‍ത്ത്‌ ഭൂമിയില്‍ സ്ഥാപിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ സമുച്ചയം തുടങ്ങിയവ വിശക്കുന്നവന്റെ വേദാന്തം പുലമ്പുന്ന പ്രസ്ഥാനത്തിന്റെ ആസ്തികളാണ്‌. എ കെ ജി സെന്ററിന്റെ ബഹുനില കെട്ടിടത്തില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച്‌ ശീതീകരിച്ച സമ്മേളനഹാള്‍ തീര്‍ത്തതും അടുത്ത കാലത്താണ്‌. അതിന്റെ തൊട്ടടുത്ത്‌ പാര്‍ട്ടി നേതാക്കള്‍ താമസിക്കുന്ന ശീതീകരിച്ച ഫ്ലാറ്റ്‌ സമുച്ചയം പാര്‍ട്ടിയുടെ ആഡംബരത്തിന്റെ യശസ്തൂപമായി തലയുയര്‍ത്തി നില്‍ക്കുന്നു.

 

ജില്ലകള്‍ തോറും താലൂക്കുകള്‍ തോറും വില്ലേജുകള്‍ തോറും സി പി എമ്മും വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പൊക്കിയ സൗധങ്ങള്‍ ഇതിന്‌ പുറമെയാണ്‌.പരിപ്പ്‌ വടയുടെയും കട്ടന്‍ചായയുടെയും മുറി ബീഡിയുടെയും സഹന ചരിത്രം പറയാറുള്ള പാര്‍ട്ടി നേതാക്കള്‍ തന്നെ അത്തരം ത്യാഗങ്ങളുടെ മുഖത്ത്‌ കാര്‍ക്കിച്ചു തുപ്പി; അവയെ തള്ളിപ്പറഞ്ഞു പുതിയ കാലത്തിന്റെ പ്രലോഭനങ്ങളിലും ആര്‍ത്തികളിലും അഭിരമിക്കുകയാണ്‌. പാര്‍ട്ടി സമ്മേളനങ്ങളുടെ നടത്തിപ്പ്‌ പോലും ഇവന്റ്‌ മാനേജ്മെന്റ്‌ ഗ്രൂപ്പുകളെ ഏല്‍പ്പിക്കുന്നു. മൂലധന സംസ്കാരത്തിന്റെ അനുകരണം പാര്‍ട്ടിയില്‍ വേലിയേറ്റം പോലെ കയറി വരികയാണ്‌. ഫ്യൂഡല്‍-മാടമ്പി സംസ്കാരത്തെ കുഴിച്ചു മൂടിയ പ്രസ്ഥാനമെന്ന്‌ അവകാശപ്പെടുന്ന സി പി എം തന്നെ അതിനെ പുനരാനയിക്കുന്നുവെന്ന്‌ അവരുടെ സമ്മേളനങ്ങളും റാലികളും തെളിയിക്കുന്നു. ആഡംബരക്കൊഴുപ്പിന്റെ പ്രകടനമായിരുന്നു പിണറായി വിജയന്‍ നയിച്ച നവകേരള മാര്‍ച്ച്‌.

 

കൃഷ്ണപിള്ള മുതല്‍ ചടയന്‍ ഗോവിന്ദന്‍ വരെയുള്ള മുന്‍കാല പാര്‍ട്ടി സെക്രട്ടറിമാര്‍ക്കില്ലാത്ത മഹത്വവല്‍ക്കരണമായിരുന്നു മാര്‍ച്ചിലുടനീളം പ്രകടമായത്‌. പൂക്കിരീടം ചൂടി, പുഷ്പശരം തൊടുത്ത്‌ നില്‍ക്കുന്ന പിണറായി, വാളും പരിചയുമേന്തി നില്‍ക്കുന്ന പിണറായി, വീരശൂരപരാക്രമിയായി ബിംബവല്‍ക്കരിക്കപ്പെട്ട പിണറായി പുതിയ കാലത്തിന്റെ തമ്പുരാനായി വാഴ്ത്തപ്പെടുകയായിരുന്നു. വിപ്ലവ സ്വപ്നങ്ങള്‍ കരിക്കട്ടയായി തീര്‍ന്ന പ്രസ്ഥാനം ധനാധിപത്യശക്തികളുടെ സത്രങ്ങളായി മാറുന്ന കാഴ്ചയാണ്‌ ഇപ്പോള്‍ ദര്‍ശിക്കുന്നത്‌. അധ്വാനിക്കുന്ന വര്‍ഗത്തിന്റെ വിയര്‍പ്പ്‌ നാറുന്ന ചുമലുകളില്‍ കൈയിട്ടു നടന്ന നേതാക്കളുടെ കരങ്ങള്‍ പുതിയ പണശക്തികളുടെ ഗാഢപുണരുകളിലായിരിക്കുന്നു. മന്ത്രിമന്ദിരങ്ങള്‍ക്ക്‌ മുമ്പിലും പാര്‍ട്ടി ഓഫിസുകള്‍ക്ക്‌ മുമ്പിലും നിരനിരയായി നിര്‍ത്തിയിട്ട വോക്സ്‌വാഗണിലും ഓഡി ക്യുസെവനിലും മേഴ്സിഡസ്‌ ബെന്‍സുകളിലും സ്കോഡ ലോറയിലും വന്നിറങ്ങുന്ന പുതിയ സൗഹാര്‍ദ്ദങ്ങള്‍ മന്ത്രിമാരെയും നേതാക്കളെയും റാഞ്ചിക്കൊണ്ടുപോവുകയാണ്‌.

 

നാടു നഗരവും വെട്ടിപ്പിടിക്കുന്ന ഭൂമാഫിയകളുമായുള്ള പാര്‍ട്ടിയുടെ ബന്ധത്തെക്കുറിച്ചുളള കഥകള്‍ പരമ്പരകളായി പ്രസിദ്ധീകരിക്കപ്പെടുന്നു.
സമരമുഖത്ത്‌ നിന്ന്‌ സുഖം തേടിയുള്ള പാര്‍ട്ടിയുടെ പോക്ക്‌ അതിന്റെ എല്ലാ പൂര്‍വാജ്ജിത സഹനങ്ങളും കുഴിച്ചുമൂടിക്കൊണ്ടായിരുന്നു. പാര്‍ട്ടിയുടെ എല്ലാ അരുതായ്മകളിലും ചുക്കാന്‍ പിടിക്കുന്നത്‌ ഔദ്യോഗിക നേതൃത്വമായത്‌ കൊണ്ട്‌ അഴിമതിക്കും ആഡംബരത്തിനും ഔദ്യോഗിക സ്വഭാവം വന്നു. മാര്‍ക്സിസം പരാജയപ്പെട്ട പ്രത്യശാസ്ത്രമാണെന്ന്‌ മാര്‍ക്സിസ്റ്റ്‌ നേതാക്കളുടെ സമകാല ജീവിതവും ജീവിത പരിസരങ്ങളും തെളിയിക്കുമ്പോള്‍; ജീവന്‍ തിരിച്ചുവരുമെന്ന വിശ്വാസത്തോടെ ജഡത്തിന്‌ മുമ്പില്‍ തുടികൊട്ടി ചുവട്‌ വെക്കുന്ന പ്രാകൃത ഗോത്ര ആചാരങ്ങളെയാണ്‌ തെറ്റുതിരുത്തല്‍ രേഖയുടെ തുടിയും തുള്ളലും ഓര്‍മിപ്പിക്കുന്നത്‌. (തുടരും......)

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls