അര്‍ബുദം മാറ്റാന്‍ മുഖലേപനം പൂശുന്ന സി പി എം!

Imageപി മുഹമ്മദലി
കണ്ണിലെ കരട്‌ കാതിലൂതിയാല്‍ പോകില്ലെന്ന പഴമൊഴിയാണ്‌ സി പി എമ്മിന്റെ തെറ്റുതിരുത്തല്‍ യജ്ഞം ഓര്‍മിപ്പിക്കുന്നത്‌. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയില്‍ നിന്നും കരകയറാന്‍ സി പിഎം പോളിറ്റ്ബ്യൂറോയിലെ ലാടവൈദ്യന്‍മാര്‍ കണ്ടുപിടിച്ച ചികിത്സാ വിധിയാണ്‌ തെറ്റുതിരുത്തല്‍.

ഒരു തിരഞ്ഞെടുപ്പ്‌ പരാജയമുണ്ടായപ്പോള്‍ മാത്രം കണ്ണുതുറന്ന പോളിറ്റ്ബ്യൂറോ കുറിച്ചു കൊടുത്ത ശീട്ടിലെ മരുന്നു കൊണ്ട്‌ മാറുന്നതാണോ സി പി എമ്മിന്റെ മാരകരോഗം. ആന്തരിക രോഗത്തിന്‌ ബാഹ്യലേപനം കൊണ്ട്‌ പ്രതിവിധിയുണ്ടാകുമെന്ന്‌ ധരിക്കുന്ന പി ബിയിലെ അങ്ങാടി വൈദ്യന്‍മാരെയാണ്‌ ആദ്യം ചികിത്സിക്കേണ്ടത്‌. സി പി എമ്മിന്റെ തിരഞ്ഞെടുപ്പ്‌ പരാജയം ഒരു സമകാലീക സംഭവമാണെങ്കിലും അതിലേക്ക്‌ നയിച്ച രോഗകാരണങ്ങള്‍ക്ക്‌ ദശകങ്ങളുടെ പഴക്കമുണ്ട്‌. അത്‌ യാദൃശ്ചികവുമല്ല; പ്രാദേശികവുമല്ല; മരണം മാത്രം അറുതി നിശ്ചയിക്കുന്ന ഈ മാരക രോഗത്തിന്റെ വേരുകള്‍ പിണറായി വിജയനിലോ ബുദ്ധദേബ്‌ ഭട്ടാചാര്യയിലോ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അവരെ പോലുള്ളവര്‍ അത്തരം രോഗത്തിന്റെ കാരിയേര്‍സ്‌ മാത്രമാണ്‌.


ആഗോളതലത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കൂട്ടമരണം വിതച്ച മാരകരോഗമാണ്‌ സി പി എമ്മിനെയും ബാധിച്ചിരിക്കുന്നത്‌. ആഗോളകമ്യൂണിസ്റ്റ്‌ തകര്‍ച്ചയെ സംബന്ധിച്ച്‌ നിരവധി പഠനങ്ങളും വായനകളും നടന്നു കഴിഞ്ഞു. എതിര്‍ വായനകളും സമാന്തര പഠനങ്ങളുമൊക്കെ എത്തിച്ചേര്‍ന്നത്‌ ഒരേയൊരു നിഗമനത്തിലാണ്‌. കമ്യൂണിസത്തിന്‌ ഭാവിയില്ല; ഇനിയൊരു തിരിച്ചുവരവുമില്ല. സത്യത്തിന്‌ അടിവരയിടുന്ന ഈ കണ്ടെത്തലുകള്‍ മനസ്സിലാക്കിയാണ്‌ കിഴക്കന്‍ യൂറോപ്പും സോവിയറ്റ്‌ യൂണിയനും ചെങ്കൊടി വലിച്ചെറിഞ്ഞതും കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ കടലിലെറിഞ്ഞതും. 70 വര്‍ഷം പിന്നിട്ട സോവിയറ്റ്‌ പാര്‍ട്ടി തകര്‍ന്നു. നാലു പതിറ്റാണ്ടുവരെ നീണ്ട പോളണ്ടിലെ പാര്‍ട്ടിയും ഭരണകൂടവും നിലംപൊത്തി. ചെക്കോസ്ലോവാക്യയും യൂഗോസ്ലാവ്യയും കമ്യൂണിസ്റ്റ്‌ സര്‍വാധിപത്യത്തിന്റെ അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞു.
ഹങ്കറിയും അല്‍ബേനിയയും റുമാനിയയും ലാല്‍സലാം ചൊല്ലി കമ്യൂണിസത്തോട്‌ വിട പറഞ്ഞു.

 

ഒടുവില്‍ മംഗോളിയയിലും മാര്‍ക്സിസത്തിന്‌ മരണമണി മുഴങ്ങി. ഭരണമില്ലാത്ത നാടുകളിലും കമ്യൂണിസം വേഷപകര്‍ച്ച നടത്തി സോഷ്യല്‍ ഡമോക്രാറ്റുകളായി. ശക്തമായ വേരുകളുണ്ടായിരുന്ന ഇറ്റാലിയന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പേരും കൊടിയും ഉപേക്ഷിച്ചു. സ്പെയിനില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പിരിച്ചു വിട്ടു; സംയുക്ത ഇടത്‌ മുന്നണി രൂപീകരിച്ചു. ഗ്രീസിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും മര്‍ക്സിസം ലെനിസിസം ഉപേക്ഷിച്ചു സ്വയം സോഷ്യല്‍ ഡെമോക്രാറ്റുകളായി പ്രഖ്യാപിച്ചു. കനഡയിലും അമേരിക്കയിലും കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ പഴയ നേതൃത്വത്തെ പുറത്താക്കി ജനാധിപത്യവാദികളെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ചെങ്കൊടിയും സോഷ്യലിസ്റ്റ്‌ നാമവും ഉപേക്ഷിച്ചില്ലെങ്കിലും ചൈന പൂര്‍ണമായും മുതലാളിത്ത പാത തിരഞ്ഞെടുത്തിരിക്കയാണ്‌. ആഗോള തലത്തില്‍ കമ്യൂണിസ്റ്റ്‌ തീരഭൂമികളിലേക്ക്‌ സുനാമി തിരകള്‍ ആഞ്ഞടിച്ചപ്പോള്‍ തകര്‍ന്നത്‌ ഒരിക്കലും മരണമില്ലെന്ന്‌ വിശ്വസിച്ച പ്രത്യയശാസ്ത്രമാണ്‌.

 

സമൂഹത്തെ സംബന്ധിച്ച്‌ ബൃഹദ്‌ ആഖ്യാനങ്ങളും വ്യര്‍ത്ഥമോഹങ്ങളും സൃഷ്ടിച്ച; ഭൂമിയിലെ സ്വര്‍ഗമെന്ന്‌ വിശ്വസിച്ച മാര്‍ക്സിസത്തിന്‌ അതിന്റെ കര്‍മഭൂമികള്‍ തന്നെ ചാവ്നിലങ്ങളായത്‌ ചരിത്രത്തിന്റെ ക്രൂരമായ വൈരുദ്ധമായിരുന്നു. ഭൂമിയിലെ ദൈവങ്ങളായി വിശ്വസിക്കപ്പെട്ട കമ്യൂണിസ്റ്റ്‌ ആചാര്യന്‍മാരുടെ ചിത്രങ്ങളും പ്രതിമകളും തെരുവീഥികളില്‍ തകര്‍ന്നു വീഴുകയും ഒടുവില്‍ നഗര മാലിന്യങ്ങളുടെ കൂമ്പാരങ്ങളിലേക്ക്‌ വലിച്ചെറിയപ്പെടുകയും ചെയ്തു.കമ്യൂണിസത്തിന്റെ പിതൃഭൂമിയും പരീക്ഷണഭൂമികളും പ്രസ്ഥാനത്തിന്റെ ചിതാഭൂമികളായപ്പോള്‍ മണല്‍ച്ചിറകെട്ടി തകര്‍ച്ചയെ തടയാമെന്നായിരുന്നു ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ വ്യാമോഹം. മരണം കോളറ പകര്‍ച്ചപോലെ കമ്യൂണിസത്തെ വിഴുങ്ങുമ്പോള്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ മന്ത്രവും കൂടോത്രവും കൊണ്ടായിരുന്നു അത്യാപത്തിനെ തടയാന്‍ ശ്രമിച്ചത്‌. കേവലമൊരു തിരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ മാത്രം കണക്കെടുപ്പില്‍ ഒതുങ്ങുന്നതല്ല സി പി എം അടക്കമുള്ള മുഖ്യധാരാ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ തകര്‍ച്ച.

 

എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കുതിപ്പും കിതപ്പും രേഖപ്പെടുത്തുന്ന സൂക്ഷ്മ മാപിനി തിരഞ്ഞെടുപ്പുകള്‍ തന്നെ. ആ അര്‍ത്ഥത്തില്‍ 15ാ‍ം ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയവും തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയും സി പി എമ്മിന്റെ തകര്‍ച്ചയുടെ ആഴവും വ്യാപാതിയും വ്യക്തമാക്കുന്നു. 32 വര്‍ഷക്കാലം തുടര്‍ച്ചയായി അധികാരത്തിലായിരുന്ന പശ്ചിമബംഗാളിലും 16 വര്‍ഷം മാറി മാറി അധികാരത്തിലിരുന്ന കേരളത്തിലും ഉണ്ടായ തിരിച്ചടികള്‍ കേവലം യാദൃശ്ചികമല്ല, പരാജയങ്ങളല്ലെ; നിത്യക്ഷയങ്ങളുടെ തിരനോട്ടങ്ങളാണ്‌. ചരിത്രത്തിലെ വമ്പന്‍ ഭൂരിപക്ഷവുമായാണ്‌ സി പി എം 2004ലെ തിരഞ്ഞെടുപ്പില്‍ ലോക്സഭയിലെത്തിയത്‌ 43 അംഗങ്ങളോടെ ലോക്സഭയിലെ മൂന്നാമത്തെ പാര്‍ട്ടിയായി സി പി എം ഉയര്‍ത്തപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 16 സീറ്റുകളിലേക്ക്‌ നിലംപൊത്തിയ സി പി എം മൂന്നാം സ്ഥാനത്ത്‌ നിന്ന്‌ എട്ടാം സ്ഥാനത്തേക്ക്‌ വലിച്ചെറിയപ്പെട്ടു.

 

പശ്ചിമബംഗാളിലെ തകര്‍ച്ച അതിഭീകരവും കേരളത്തിലേത്‌ അതികഠിനവുമായിരുന്നു. പന്ത്രണ്ടും പതിനാലും ലോക്സഭകളില്‍ ഭരണത്തിന്റെ ചരടും ചക്രവും നിയന്ത്രിച്ചുവെന്ന്‌ അഹങ്കരിച്ചിരുന്ന സി പി എം അത്രയും കാലം തലസ്ഥാന നഗരയിലെ രാഷ്ട്രീയ നിരീക്ഷണത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു. സി പിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ വാര്‍ത്താസമ്മേളനങ്ങള്‍ ദേശീയ-അന്തര്‍ദേശീയ ചാനലുകള്‍ അതീവ പ്രാധാന്യത്തോടെയായിരുന്നു റിപ്പോര്‍ട്ട്‌ ചെയ്തിരുന്നത്‌. പക്ഷെ; കഴിഞ്ഞ മെയ്‌ മാസ മധ്യത്തോടെ ഡല്‍ഹി രാഷ്ട്രീയത്തില്‍ സി പി എമ്മും കാരാട്ടും വിലയിടിഞ്ഞ ഉല്‍പന്നങ്ങളായി മാറി. മെയ്‌ 16ലെ ഫലപ്രഖ്യാപനത്തില്‍ ഒതുങ്ങി നിന്നില്ല സി പി എമ്മിന്റെ തകര്‍ച്ച. തുടര്‍ന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുകളിലും തദ്ദേശസ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളിലും സി പി എമ്മിന്‌ വരള്‍ച്ച തന്നെയായിരുന്നു.
ജൂലായില്‍ നടന്ന യു പി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളില്‍ മത്സരിച്ച സി പി എമ്മിന്‌ കെട്ടിവെച്ച കാശ്‌ നഷ്ടമായി.


തമിഴ്‌നാട്ടിലെ അഞ്ച്‌ ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ട്‌ എണ്ണത്തില്‍ മത്സരിച്ചു യു പി പരാജയം ആവര്‍ത്തിച്ചു. സെപ്തംബറില്‍ പശ്ചിമ ബംഗാളിലെ നാല്‌ ഉപതിരഞ്ഞെടുപ്പില്‍ മൂന്നിലും തോറ്റു. ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച്‌ എണ്ണത്തില്‍ മത്സരിച്ചു എല്ലാറ്റിലും തോറ്റു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റില്‍ മത്സരിച്ചു. ഭാഗ്യം കൊണ്ട്‌ ഒരു സീറ്റ്‌ നേടി. ഹരിയാനയില്‍ എട്ടെണ്ണത്തില്‍ ഭാഗ്യം പരീക്ഷിച്ചു. എട്ടിലും പൊട്ടി.
ഇക്കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ അഞ്ചു സീറ്റുകളിലും കേരളത്തില്‍ രണ്ടു സീറ്റുകളിലും മത്സരിച്ചു സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങി. ഇതിനിടയില്‍ പശ്ചിമ ബംഗാളിലെ സിലിഗുരി അടക്കമുള്ള തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിലും നിലംപരിശായ തോല്‍വി ഏറ്റുവാങ്ങി. പതിനായിരം മുതല്‍ നാല്‍പതിനായിരം വരെയുള്ള വോട്ടുകളുടെ വ്യത്യാസത്തിനാണ്‌ പശ്ചിമ ബംഗാളിലെ തോല്‍വി.


സര്‍വവിധ ഭരണകൂട സന്നാഹങ്ങളും കൈക്കരുത്തും പ്രയോഗിച്ചിട്ടും കണ്ണൂരിലെ തോല്‍വിയും കനത്ത പ്രഹരമായിരുന്നു. നന്ദിഗ്രാമിന്റെയും സിംഗൂരിന്റെയും പ്രേതങ്ങളാണ്‌ ബംഗാളില്‍ സി പി എമ്മിന്‌ ചിതയൊരുക്കിയതെങ്കില്‍ ഭരണവീഴ്ചയും വിഭാഗീയതയുമാണ്‌ കേരളത്തില്‍ അവരെ വെള്ളപുതപ്പിച്ചതെന്നാണ്‌ പൊതുനിഗമനം. പക്ഷെ; ഇത്‌ അര്‍ദ്ധസത്യം മാത്രമാണ്‌. നന്ദിഗ്രാമും സിംഗൂരും ഭരണ വീഴ്ചയും വിഭാഗീയതയും കേവലം നിമിത്തങ്ങള്‍ മാത്രം. തായ്‌വേരും തായ്തടിയും ശിഖരങ്ങളും ഉണങ്ങിയ ജഡവൃക്ഷത്തിന്മേല്‍ പതിച്ച ചെറുകാറ്റ്‌ മാത്രമായിരുന്നവ. വന്‍മരമായി ശിഖരം പടര്‍ത്തി നിന്ന ആ വൃക്ഷം ചിതയിലെ വിറകായി തീരാനിനി ഏറെ നാള്‍ വേണ്ടി വരില്ല. പാര്‍ട്ടിക്കകത്ത്‌ അടിഞ്ഞു കൂടിയ വിഷമാലിന്യങ്ങള്‍ സി പി എമ്മിനെ കാര്‍ന്നു തിന്നുന്ന രോഗങ്ങളായിരുന്നു.


അധികാരത്തിന്റെയും ആഡംബരത്തിന്റെയും അഴിമതിയുടേയും ആലക്തിക പ്രഭാപൂരത്തില്‍ കണ്ണഞ്ചി വീണ തൊഴിലാളി വര്‍ഗ നേതാക്കളുടെയും പ്രത്യശാസ്ത്രങ്ങളെ തെരുവിലെറിഞ്ഞു പണക്കിലുക്കത്തിന്‌ പിന്നാലെ പോയ അണികളുടെയും ആര്‍ത്തിയും അത്യാഗ്രഹങ്ങളുമായിരുന്നു പാര്‍ട്ടിക്ക്‌ ആസന്ന മരണമൊരുക്കിയത്‌. അക്കഥ നാളെ തുടരും.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls