|
ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഗതിവേഗം കൂട്ടിയത് നെഹ്‌റു
അഡ്വ: കരകുളം കൃഷ്ണപിള്ള ഗ്രാമീണമേഖലയിലെ സാര്‍വ്വത്രികമായ കുടില്‍ വ്യാവസായിക സംരംഭങ്ങള്‍ രാജ്യത്തെ വര്‍ദ്ധിച്ചതോതിലുള്ള തൊഴിലില്ലായ്മയ്ക്ക് വലിയതോതില്‍ പരിഹാരമാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
നെഹ്‌റുവിന്‍ശേഷം രാജ്യത്തുണ്ടായിരുന്ന തൊഴിലില്ലായ്മ, വിലവര്‍ദ്ധന, നാണയപ്പെരുപ്പം സാമ്പത്തികരംഗത്തുണ്ടായ മാന്ദ്യം, കാര്‍ഷികമേഖലയിലെ അസംതൃപ്തി ഇവയ്ക്കെല്ലാം കാരണം നെഹ്‌റുവിന്റെ വികലമായ നയങ്ങളായിരുന്നു എന്ന് ആക്ഷേപമുണ്ടായി. എന്നാല്‍ പില്‍ക്കാലത്ത് ഈ രംഗങ്ങളിലുണ്ടായ വമ്പിച്ച പുരോഗതിയും ശാസ്ത്രസാങ്കേതികരംഗത്തുണ്ടായ കുതിച്ചുചാട്ടവും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിഞ്ഞതും നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണമുള്ള നയപരിപാടികളുടെ ഫലമായിരുന്നു എന്ന കാര്യം പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.1951 ഏപ്രില്‍ ഒന്നിന് തുടക്കം കുറിച്ച ഒന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് രൂപീകരിച്ച റൂറല്‍ ക്രെഡിറ്റ് സര്‍വ്വെ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുകയും സഹകരണപ്രസ്ഥാനത്തിന് ഒരു ദേശീയസ്വഭാവം കൈവരുകയും അതു ജനങ്ങളുടെ പ്രസ്ഥാനമായി കാലക്രമേണ രൂപാന്തരപ്പെടുകയും ചെയ്തു. രണ്ടാം പഞ്ചവത്സരപദ്ധതി സ്ഥിതിസമത്വത്തിലധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയുടെ പുനര്‍ജനിയായിരുന്നു. ഈ പദ്ധതിയുടെ ലക്ഷ്യം കാര്‍ഷികവ്യാവസായിക മേഖലകള്‍ക്ക് തുല്യപ്രാധാന്യം നല്‍കിയ വികസനതന്ത്രമായിരുന്നു. 1958 ല്‍ പ്രധാനമന്ത്രി അദ്ധ്യക്ഷനായ ദേശീയ വികസനസമിതി പ്രാഥമികതലത്തില്‍ വന്‍കിട സ്ഥാപനങ്ങള്‍ക്കു പകരം ഒരു ഗ്രാമത്തില്‍ ഒരു സഹകരണസംഘമെന്ന നിലയ്ക്ക് ചെറിയ ചെറിയ കാര്‍ഷികസംഘങ്ങള്‍ രൂപീകരിക്കണമെന്ന് തീരുമാനിച്ചു. ഗ്രാമസ്വരാജ് എന്ന ഗാന്ധിയന്‍ തത്ത്വസംഹിതയുടെ പ്രായോഗികഭാവമായിരുന്നു ഈ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ചെറിയ ചെറിയ ഗ്രാമീണസംഘങ്ങള്‍ അഥവാ സേവനസംഘങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. 1960 ല്‍ ഈ സംഘങ്ങളുടെ പ്രായോഗികപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ വിഖ്യാതസഹകാരിയായ വൈകുണ്ഡലാല്‍ മേത്തയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയാണ് ഈ സംഘങ്ങളുടെ പ്രവര്‍ത്തനവിപുലീകരണത്തിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. മൂന്നാം പഞ്ചവത്സരപദ്ധതി ഇന്ത്യയിലെ സഹകരണമേഖലയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു. കാര്‍ഷികമേഖലയ്ക്കു പുറമേ ചെറുകിട-കുടില്‍വ്യവസായ രംഗത്തും ഉപഭോഗരംഗത്തും സഹകരണമേഖലയുടെ സജീവസാന്നിദ്ധ്യം തെളിയിച്ചു.പണ്ഡിറ്റ്ജി പടുത്തുയര്‍ത്തിയ ഈ അടിത്തറയില്‍ നിന്നാണ് വര്‍ത്തമാനകാലഘട്ടത്തിലെ ഇന്ത്യന്‍ സമ്പദ്ഘടനയെ ആകെനോക്കിക്കാണേണ്ടതും ലോകസാമ്പത്തികഘടനയുമായി താരതമ്യം ചെയ്യേണ്ടതും. സ്വതന്ത്രഭാരതത്തില്‍ ഭൂവുടമാബന്ധങ്ങളില്‍ ഫ്യൂഡല്‍ വ്യവസ്ഥ നിലനില്‍ക്കുകയും കാര്‍ഷിക ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വളരെ താഴ്‌ന്ന നിലവാരത്തിലുമായി.
റോഡ്, ഗതാഗതം, വാര്‍ത്താ വിനിമയസൗകര്യങ്ങളുടെ കുറവ് എന്നിവ ജീവിതം ദുസ്സഹമാക്കി. നിരക്ഷരത, കുടിവെള്ളക്ഷാമം, ശുചിത്വമില്ലായ്മ, വാസസ്ഥലമില്ലായ്മ മുതലായവ നിമിത്തം ജീവിതനിലവാരം വളരെ താഴ്‌ന്ന് ക്ലേശകരവും ദുരിതപൂര്‍ണ്ണവും ആയി. തൊഴിലില്ലായ്മ രൂക്ഷവും ദാരിദ്ര്യം വ്യാപകവുമായിരുന്നു. ശാസ്ത്രസാങ്കേതികരംഗത്തെ പിന്നോക്കാവസ്ഥ വ്യവസായവളര്‍ച്ചയെ തളര്‍ത്തിയപ്പോള്‍ കാര്‍ഷികരംഗത്ത് ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വളരെ താഴെയായിരുന്നു. ഗ്രാമീണ ചെറുകിടവ്യവസായങ്ങള്‍ തളര്‍ച്ചയിലും തകര്‍ച്ചയിലുമായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷവും ജനസംഖ്യ ഉയര്‍ന്നനിരക്കില്‍ വര്‍ദ്ധിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ആറു ദശാബ്ദങ്ങള്‍ പിന്നിട്ടു. ഈ കാലയളവില്‍ എല്ലാ മേഖലകളിലും മെച്ചപ്പെട്ട വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ നമുക്കു സാധിച്ചു. ഇതിനുള്ള അടിത്തറ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള നയങ്ങളാണ്. ഗ്രാമവികസനത്തില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്താന്‍ ജില്ലാ-ബ്ലോക്ക്-ഗ്രാമതലത്തില്‍ ജനാധിപത്യസ്ഥാപനങ്ങള്‍ ആരംഭിച്ചു.1951 നു ശേഷം പത്തു പഞ്ചവത്സരപദ്ധതികള്‍ നാം നടപ്പാക്കി. ഇപ്പോള്‍ പതിനൊന്നാം പദ്ധതിയുടെ നടത്തിപ്പിലുമാണ്. സാമ്പത്തികവികസനലക്ഷ്യങ്ങള്‍ ഓരോ പഞ്ചവത്സരപദ്ധതികളിലും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. വികസനലക്ഷ്യങ്ങള്‍ക്ക് മുന്‍ഗണനാക്രമങ്ങള്‍ ഓരോ പദ്ധതിയിലും വ്യത്യസ്തമായിരുന്നു. ആദ്യകാലപദ്ധതികള്‍ കാര്‍ഷികവളര്‍ച്ചയ്ക്കും വന്‍കിടവ്യവസായങ്ങളുടെ വളര്‍ച്ചയ്ക്കും പ്രാധാന്യം നല്‍കിയപ്പോള്‍ അഞ്ചാംപഞ്ചവത്സരപദ്ധതി മുതല്‍ സ്വാശ്രയവികസനത്തിനും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും ഊന്നല്‍ നല്‍കുന്നു. സാമ്പത്തികവികസനത്തിന്റെ മുഖ്യലക്ഷ്യം തന്നെ സാമ്പത്തിക-സാമൂഹിക വളര്‍ച്ചയാണ്. ഇന്ത്യ വിഭാവനം ചെയ്യുന്ന സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹം സൃഷ്ടിക്കുന്നതിനാണ് വരുമാനത്തിന്റെയും ആസ്തിയുടെയും വിതരണത്തില്‍ സമത്വം ലക്ഷ്യമിടുന്നത്. സാമ്പത്തിക അസമത്വം കുറച്ചാല്‍ മാത്രമേ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ കഴിയൂ.ഒന്നും രണ്ടും മൂന്നും പഞ്ചവത്സപദ്ധതികളുടെ ഉപജ്ഞാതാവ് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റു ആയിരുന്നെങ്കിലും മൂന്നാം പദ്ധതി പൂര്‍ത്തീകരിക്കുന്നതിനു മുന്‍പ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. എന്നാല്‍ ഒന്നരദശാബ്ദക്കാലത്തെ നെഹ്‌റൂവിയന്‍ ആസൂത്രിത വികസനം നമ്മുടെ സമ്പദ്ഘടനയില്‍ വന്‍പിച്ച മാറ്റത്തിനു തുടക്കം കുറിച്ചു. ഗ്രാമീണമേഖലയില്‍ വലിയതോതിലുള്ള ചൂഷണത്തിന് വിധേയമായിക്കൊണ്ടിരുന്ന ചെറുകിട കര്‍ഷകര്‍ക്ക് അതില്‍നിന്ന് മോചനമുണ്ടായത് കാര്‍ഷികമേഖലയില്‍ രൂപംകൊണ്ട കാര്‍ഷികസഹകരണസംഘങ്ങളുടെ ആവിര്‍ഭാവത്തോടും വളര്‍ച്ചയോടും കൂടിയാണ്. സ്വന്തം കൃഷിയിടങ്ങളും കിടപ്പാടങ്ങളും കൊള്ളപ്പലിശക്കാരില്‍ നിന്നും വിമുക്തമാക്കാന്‍ ഇന്ത്യയിലെ ഗ്രാമീണകര്‍ഷകര്‍ക്ക് സഹകരണമേഖലകള്‍ നല്‍കിയ സംഭാവന കാര്‍ഷിക-സാമ്പത്തികമേഖലകളില്‍ വമ്പിച്ച മാറ്റത്തിന് വഴിതെളിച്ചു. കൂട്ടുകൃഷിസമ്പ്രദായത്തിന്റെ ആവിര്‍ഭാവത്തോടുകൂടി ആധുനികകൃഷിമുറകള്‍ അവലംബിക്കാനും അതുവഴി ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുവാനും ഭക്ഷ്യസ്വയംപര്യാപ്തതയില്‍ രാജ്യത്തെകൊണ്ടെത്തിക്കാനും സഹായിച്ചു. സഹകരണമേഖലയില്‍ ഇഫ്കോ (കഎഇഛ) പോലുള്ള വന്‍കിട രാസവള നിര്‍മ്മാണശാലകളുടെ ആവിര്‍ഭാവം വളം ഉല്‍പ്പാദനത്തിന്റെ വര്‍ദ്ധനവിനും അതുവഴി ന്യായവിലയ്ക്ക് ലഭ്യമാക്കുവാനും സൗകര്യമുണ്ടാക്കി. വിപണനമേഖലയില്‍ ഉണ്ടായ സഹകരണസ്ഥാപനങ്ങളുടെ വന്‍ശൃംഖല നാഫഡ് പോലുള്ള അതിന്റെ ദേശീയ ഫെഡറേഷനുകള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കാന്‍ സഹായിച്ചു. പാല്‍ ഉല്‍പ്പാദനമേഖലയില്‍ അമൂല്‍ പോലുള്ള മാതൃകാസ്ഥാപനങ്ങള്‍ ലോകനിലവാരത്തില്‍ത്തന്നെ അംഗീകാരം നേടിയവയാണ്. ദീര്‍ഘകാലാടിസ്ഥാനത്തിലും ഹ്രസ്വകാലാടിസ്ഥാനത്തിലും കുറഞ്ഞ പലിശയ്ക്ക് ആവശ്യാനുസരണം കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ പര്യാപ്തമാണ് ഇന്ത്യയിലെ ക്രെഡിറ്റ് സഹകരണമേഖല. പൊതുവിതരണരംഗത്ത് നേടിയ കരുത്ത് വിലനിലവാരം നിയന്ത്രിക്കാന്‍ വന്‍തോതില്‍ സഹായിച്ചിട്ടുണ്ട്. 1951ല്‍ നമ്മുടെ ഭക്ഷ്യഉല്‍പ്പാദനം 51 ദശലക്ഷം ടണ്ണായിരുന്നത് 1961 ല്‍ 89 ദശലക്ഷം ടണ്ണായി. ഇന്ന് ഉല്‍പ്പാദനം 220 ദശലക്ഷം ടണ്ണു കവിഞ്ഞിരിക്കുന്നു. ഭക്ഷ്യകാര്യത്തില്‍ ഇന്ത്യ സമ്പൂര്‍ണ്ണസ്വയംപര്യാപ്തത കൈവരിച്ച രാഷ്ട്രമായി മാറിയിരിക്കുന്നു. ഹരിതവിപ്ലവമെന്ന മുദ്രാവാക്യം സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു. എങ്കിലും നാം ലക്ഷ്യമിട്ട നേട്ടം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ജനസംഖ്യാനിയന്ത്രണം പലകാരണങ്ങളാല്‍ പൂര്‍ണ്ണ ഫലപ്രാപ്തിയിലെത്താത്തതും അതുമൂലം കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതും കൃഷിയിടങ്ങളുടെ വിസ്തൃതി കുറഞ്ഞതും കാര്‍ഷികവൃത്തി ലാഭകരമല്ലാതാക്കുന്നു. ആധുനിക കൃഷിരീതി നടപ്പാക്കി ആഗോളനിലവാരത്തിലെത്താന്‍ നമുക്ക് ഇനിയും സാധിച്ചിട്ടില്ല.
പദ്ധതികള്‍ പലതുകഴിഞ്ഞിട്ടും മൂന്നില്‍ ഒരു ഭാഗം കൃഷിഭൂമിയില്‍ മാത്രമേ ജലസേചനസൗകര്യം എത്തിക്കാന്‍ സാധിച്ചിട്ടുള്ളു. സബ്സിഡികള്‍ നല്‍കിയിട്ടും രാസവളം ആവശ്യത്തിന് ഉപയോഗിക്കാന്‍ നമ്മുടെ കര്‍ഷകര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല. സഹകരണകൃഷിയും സഹകരണമേഖലയും വന്‍പിച്ച തോതില്‍ വളര്‍ച്ച നേടിയിട്ടും കൃഷിക്കാരുടെ കടബാദ്ധ്യതയും ചൂഷണവും പൂര്‍ണ്ണമായി മാറ്റാന്‍ കഴിഞ്ഞിട്ടില്ല. അതില്‍നിന്ന് മോചനം നേടാന്‍ 71000 കോടി രൂപയുടെ കാര്‍ഷികകടം എഴുതിത്തള്ളാന്‍ കഴിഞ്ഞവര്‍ഷം യു.പി.എ. സര്‍ക്കാര്‍ കൈക്കൊണ്ട നടപടി ലോകചരിത്രത്തിലെ തന്നെ ഒരു വലിയ സംഭവമാണ്. കൃഷിയും സഹകരണപ്രസ്ഥാനവും സംസ്ഥാനവിഷയമാണെങ്കിലും ഈ രംഗത്ത് കേന്ദ്രസര്‍ക്കാരിന്റെ വിളകള്‍ക്കുള്ള താങ്ങുവില, ഭക്ഷ്യസബ്സിഡി, ധാന്യസംഭരണം ഇതിന്റെയെല്ലാം ഫലമായി ഭക്ഷ്യസ്വയംപര്യാപ്തത സുസ്ഥിരമാക്കി നിര്‍ത്തുവാന്‍ കഴിഞ്ഞു. സഹകരണമേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള പുതിയ ചുവടുവയ്പാണ് 110-ാം ഭരണഘടനാഭേദിക്കുള്ള കേന്ദ്രനിര്‍ദ്ദേശം.
അതുപോലെതന്നെ വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സഹകരണപാക്കേജ് - കേരളം നടപ്പാക്കിയിട്ടില്ലെങ്കിലും - 14000 കോടി രൂപയില്‍പ്പരം രൂപയുടെ സഹായമാണ് ഇതുവഴി സഹകരണമേഖലയ്ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. പണ്ഡിറ്റ്ജി വിഭാവനം ചെയ്ത ക്രെഡിറ്റ് മേഖല കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഈ നടപടി വലിയ സഹായമായിരിക്കുകയാണ്.ഇന്ത്യന്‍ സാമ്പത്തികമേഖലയില്‍ സാമാന്തരസമ്പദ്ഘടനയായി സഹകരണമേഖലയ്ക്ക് വളരാന്‍ കഴിഞ്ഞത് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള നടപടികളായിരുന്നു. രാജ്യത്ത് ചൂഷണവിമുക്തമായ ഒരു സോഷ്യലിസ്റ്റ് സമൂഹം എന്ന കാഴ്ചപ്പാടിന് സഹകരണമേഖല നല്‍കുന്ന സംഭാവന വളരെ വലുതും ലോകത്താകെ മാതൃകാപരവുമാണ്. ആധുനിക ഇന്ത്യയുടെ സാമ്പത്തികരംഗത്തെ കരുത്തിന് സഹകരണമേഖലയുടെ സംഭാവന അവിസ്മരണീയമാണ്. അതിനുള്ള മാര്‍ഗ്ഗദര്‍ശനം നല്‍കിയ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ കൃതാര്‍ത്ഥതയോടെ സ്മരിക്കാം.
ഏത് സാമ്പത്തികപ്രതിസന്ധിയെയും അതിജീവിക്കുവാനുള്ള കരുത്ത് ഇന്ത്യന്‍ സമ്പദ്ഘടന കൈവരിച്ചിരിക്കുന്നു. പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള പഞ്ചവത്സരപദ്ധതികളും സമ്മിശ്രസമ്പദ്ഘടനയും വഴി കാര്‍ഷിക-വ്യാവസായിക-ശാസ്ത്രരംഗങ്ങളില്‍ ഉണ്ടാക്കിയ ശക്തമായ അടിത്തറ ഇന്ത്യന്‍ സമ്പദ്ഘടനയുടെ സുസ്ഥിരവളര്‍ച്ചയ്ക്ക് സഹായകമായി. അവശ്യസാധനങ്ങള്‍ക്ക് ക്ഷാമവും ദൗര്‍ലഭ്യവും ഇല്ലാത്ത രാജ്യമാണ് ഇന്ന് ഇന്ത്യ. രൂപയുടെ വിനിമയമൂല്യം ശക്തമായി തുടരുന്നുണ്ട്. നാണ്യപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ സാധിച്ചു. അമേരിക്ക, ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ വികസിതരാജ്യങ്ങളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികത്തകര്‍ച്ച നമ്മുടെ രാജ്യത്തെ കാര്യമായി ബാധിക്കാത്തത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഭാവനാപൂര്‍ണ്ണമായ സാമ്പത്തികനയങ്ങളാണ്. നമ്മുടെ ധനകാര്യസ്ഥാപനങ്ങള്‍ ശക്തമായ അടിത്തറയില്‍ നിലനില്‍ക്കുന്നു.
നാളത്തെ ലോകസാമ്പത്തികശക്തിയായി വളരാനുള്ള ഇന്ത്യയുടെ കുതിപ്പിന് അടിത്തറപാകിയതും ഗതിവേഗം കൂട്ടിയതും പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണമുള്ള നയങ്ങളാണ്. (സഹകരണ ജനാധിപത്യവേദിയുടെ ചെയര്‍മാനാണ് ലേഖകന്‍) അവസാനിച്ചു |