|
സിപിഎം വേട്ടക്കാരും തേക്കടിയിലെ ഇരകളും
സോമി സേവ്യര്‍ തേക്കടിയില്‍ 45 പേരുടെ ജീവനെടുത്ത അപകടം ഒഴിവാക്കാന്‍ ടൂറിസം വകുപ്പിനും കെ.ടി.ഡി.സിക്കും അവസരങ്ങള്‍ ഏറെ ലഭിച്ചിരുന്നു.
എന്നാല്‍, വിദഗ്ധര്‍ മുതല്‍ ഡ്രൈവര്‍ വരെയുള്ളവര്‍ നല്‍കിയ മുന്നറിയിപ്പുകളൊക്കെയും മുഖവിലയ്ക്കുപോലും എടുക്കാതെ അപകടം അറിഞ്ഞുകൊണ്ടുതന്നെ 'ദുരന്ത കന്യക'യെ നീറ്റില്‍ ഇറക്കിയ ഗുരുതരമായ കുറ്റം വെളിച്ചത്തായതോടെ അന്വേഷണത്തിന്റെ ഗതി വഴിമുട്ടിയ നിലയിലാണ്. അഴിമതിയും അനാസ്ഥയും കണ്ണും കാതും കെട്ടിയ "ഇടപാടി"ല്‍ മുന്നറിയിപ്പുകളൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച അധികൃതര്‍ക്ക് ദുരന്തം വിളിപ്പാടകലെയുണ്ടെന്ന് അറിവുണ്ടായിരുന്നുവെന്നതിന് പിന്നീടുണ്ടായ സംഭവങ്ങള്‍തന്നെ സാക്ഷ്യം പറയും. ദുരന്തം ഉണ്ടായതിന്റെ പിറ്റേന്ന് ബോട്ടിന് സാങ്കേതിക തകരാര്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും ഡ്രൈവറുടെ അശ്രദ്ധ അടക്കമുള്ള കാര്യങ്ങളാണ് അപകടമുണ്ടാക്കിയതെന്നും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയ ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് ബോട്ട്സ് എം. മാത്യൂസ് പിന്നീട് ബോട്ടിന്റെ ചരിവ് ശ്രദ്ധയില്‍പെട്ടിരുന്നതായി സമ്മതിച്ചിരുന്നു. ബോട്ടിന് വലതുവശത്ത് 2.9 ഡിഗ്രി ചരിവുണ്ടായിരുന്നതായാണ് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയത്. ഇതോടെ പരിശോധന നടത്താതെയാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയതെന്നതും വ്യക്തം.നിര്‍മാണസമയത്തുതന്നെ ബോട്ടിന്റെ രൂപകല്‍പ്പനയിലെ അപാകത കണ്ടെത്തിയിരുന്നതിനും തെളിവുകളുണ്ട്. ബോട്ട് ഡിസൈന്‍ ചെയ്ത ചെന്നൈയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ ഡിസൈനിംഗ് വിഭാഗം ഫ്രൊഫസര്‍ വി. അനന്തകൃഷ്ണന്റെ ഡിസൈനിംഗ് രേഖകള്‍ പരിശോധിച്ച ഡോ. പ്യാരിലാലും സംഘവും ഡിസൈനിംഗിലെ പാളിച്ചകള്‍ കണ്ടെത്തിയിരുന്നു.
ബോട്ടില്‍ ശേഷിയിലധികം യാത്രക്കാര്‍ കയറിയാല്‍ ബോട്ടിന് 14 ഡിഗ്രിയിലേറെ ചരിവുണ്ടാകുമെന്നാണ് ഡിസൈനിംഗ് രേഖ വ്യക്തമാക്കുന്നത്. അപ്പര്‍ ഡക്കിലുള്ള 15 പേര്‍ ഒരുവശത്തേക്ക് മാറിയാലും ഇതുതന്നെ സംഭവിക്കും. ബോട്ട് തലകുത്തി മറിയുന്നതിന് ഈ ചരിവ് കാരണമാകുമെന്നാണ് പ്യാരിലാലിന്റെ കണ്ടെത്തില്‍.നിര്‍മാതാക്കള്‍ക്ക് രൂപകല്‍പ്പനയിലെ പാളിച്ചകളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നുവെന്നതിന് ജലകന്യകയിലെ ഇരിപ്പിടങ്ങളുടെ ഘടനയും അവ ക്രമീകരിച്ച രീതിയും തെളിവാണ്. നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ തന്നെ വലതുവശത്തേക്കു ചരിവുണ്ടായിരുന്ന ബോട്ടില്‍ ഇത് പരിഹരിക്കാന്‍ അപ്പര്‍ ഡക്കില്‍ ഇടതുവശത്ത് കൂടുതല്‍ സീറ്റ് ക്രമീകരിച്ചിരിക്കുകയാണ് കമ്പനി കണ്ട പോംവഴി. ഇതോടെ ബോട്ടിന്റെ ഗുരുത്വാകര്‍ഷണചട്ടങ്ങള്‍ തകരാറിലായി. ഇന്‍ക്ലൈനിംഗ് ടെസ്റ്റ് നടത്തി ഗുരുത്വാകര്‍ഷണകേന്ദ്രം കണ്ടെത്തി ബോട്ടിന്റെ അടിഭാഗം കോണ്‍ക്രീറ്റ് ചെയ്യണമെന്ന തത്വവും അധികൃതര്‍ കണ്ണടച്ചതോടെ ലംഘിക്കപ്പെട്ടു. ബോട്ടിന്റെ മുകള്‍തട്ടിലേക്കുള്ള ഗോവണിയുടെ സ്ഥാനവും സൗകര്യത്തിനനുസരിച്ച് ക്രമീകരിക്കുകയായിരുന്നു. എന്‍ജിന്‍ റൂമിന്റെയും ഹള്ളിന്റെയും വാതിലുകളുടെ മേല്‍മൂടികള്‍ നട്ടും ബോള്‍ട്ടും ഉപയോഗിച്ച് മുറുക്കേണ്ടിയിരുന്നുവെങ്കിലും അതും പാലിക്കപ്പെട്ടില്ല. എന്‍ജിന്‍ റൂമില്‍ കുടുങ്ങി എട്ടുപേര്‍ മരിക്കാനിടയായത് ഈ വീഴ്ചമൂലമാണ്. ഒരുകാരണവശാലും മുകള്‍തട്ട് പാടില്ലായിരുന്നുവെന്ന് ബോട്ടിന്റെ ഭാരവും സംശയലേശമെന്യേ വ്യക്തമാക്കുന്നു. യാത്രക്കാര്‍ ഒരുവശത്തേക്ക് മാറിയതുകൊണ്ടോ കാറ്റിന്റെ ഗതിമൂലമോ വേഗത്തില്‍ തിരിച്ചതിനാലോ സ്ഥിരതയുള്ള ബോട്ട് മറിയാന്‍ പാടില്ലെന്ന് ഡോ. പ്യാരിലാല്‍ ചൂണ്ടിക്കാണിക്കുന്നത് നിര്‍മാണത്തിലെ പിഴവുതന്നെ.
ബോട്ടിന്റെ രൂപകല്‍പനയിലെയും നിര്‍മാണത്തിലെയും പാകപ്പിഴകള്‍ പരിശോധിച്ച് വിലയിരുത്തേണ്ടിയിരുന്ന ടൂറിസംവകുപ്പിലെയും കെ.ടി.ഡി.സി.യിലെയും ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തില്‍ കാട്ടിയത്.തടിബോട്ടുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്ന കമ്പനികളെ ഒഴിവാക്കി തിരക്കിട്ട് വിഘ്നേശ് കമ്പനിക്ക് കരാര്‍ നല്‍കിയത് ഏറെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ രജിസ്ട്രേഷന്‍ ഓഫ് ഷിപ്പ്സിന്റെ എതിര്‍പ്പ് മറികടന്നാണ് കരാര്‍ നല്‍കിയതെന്നും ആരോപണമുണ്ട്. ബോട്ടിന്റെ രൂപകല്‍പന നടത്തുന്നതിനും നിര്‍മ്മിക്കുന്നതിനും കേരളത്തില്‍ സ്ഥാപനങ്ങള്‍ ഉള്ളപ്പോള്‍ കരാറുമായി തമിഴ്‌നാട്ടിലേക്ക് പോയതിനെപ്പറ്റിയും അഭ്യൂഹങ്ങള്‍ ഏറെയുണ്ട്. ഇതേ കമ്പനി നെയ്യാര്‍ ഡാമിലേക്ക് നിര്‍മിച്ചുകൊണ്ടുവന്ന ബോട്ട് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ഒരുവര്‍ഷം കരക്കിരുന്നതായ വാര്‍ത്തയും ചേര്‍ത്തു വായിക്കേണ്ടതുണ്ട്. 130 ബോട്ടുകള്‍ നിര്‍മ്മിച്ചതായി അവകാശപ്പെടുന്ന കമ്പനി ആദ്യമായാണ് ഇരുനില ബോട്ടുണ്ടാക്കിയതും. ബോട്ട് നിര്‍മിച്ച വിഘ്നേശ് മറൈന്‍ കമ്പനിക്ക് യാത്രബോട്ട് നിര്‍മിക്കുന്നതിന് മെര്‍ക്കന്റയിന്‍ മറൈന്‍ വകുപ്പിന്റെ അംഗീകാരം സംബന്ധിച്ചും തര്‍ക്കങ്ങളുണ്ട്. ഡിസൈനിംഗ് നടത്തിയ അനന്തസുബ്രഹ്മണ്യത്തെ നിര്‍മാണത്തിന്റെ ഒരു ഘട്ടത്തില്‍പോലും കമ്പനി ബന്ധപ്പെട്ടിരുന്നില്ല.ബോട്ടിന്റെ നിര്‍മ്മാണം അടക്കം കെ.ടി.ഡി.സി.ക്ക് കൈമാറുന്നതുവരെയുള്ള കാര്യങ്ങളുടെ ചുമതലയുള്ള ടൂറിസം വകുപ്പ് ഇക്കാര്യങ്ങളിലെല്ലാം കണ്ണടച്ചതോടെ ജലക്ഷമത അടക്കമുള്ള ഒട്ടേറെ വിദഗ്ധ പരിശോധനയുടെ കടമ്പകളാണ് ജലകന്യകയ്ക്കുമുന്നില്‍ വഴിമാറിയത്. ഇരു കൈയും നീട്ടി ഏറ്റുവാങ്ങിയ കെ.ടി.ഡി.സി.യാകട്ടെ വെള്ളത്തില്‍ ഇറക്കുന്നതിനുമുമ്പ് പാലിക്കേണ്ടിയിരുന്ന നടപടിക്രമങ്ങള്‍ക്കുനേരെയും കണ്ണടച്ചു.
ദുരന്തബോട്ട് നിര്‍മിച്ച വിഘ്നേശ് മറൈന്‍ കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തണമെന്നും ഇതേ കമ്പനി നിര്‍മിക്കുന്ന അടുത്ത ബോട്ടിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തിലും സര്‍ക്കാരിന്റെ മൗനം ദുരൂഹതകള്‍ ശരിവയ്ക്കുകയാണ്. ഡബിള്‍ ഹള്ളില്‍ നിര്‍മിക്കേണ്ട ഡബിള്‍ഡക്ക് ബോട്ട് ഒറ്റഹള്ളില്‍ നിര്‍മിച്ചതും ബോട്ടിന്റെ ഹള്‍ പരിശോധിച്ച് മുകള്‍ ഭാഗത്ത് 15-ഉം താഴെ 25-ഉം സീറ്റുകള്‍ക്ക് നല്‍കിയിരുന്ന അനുമതിയില്‍ മാറ്റം വരുത്തി മുകളില്‍ 48-ഉം താഴെ 27- മാക്കി ശേഷി വര്‍ധിപ്പിച്ചതും ടൂറിസം വകുപ്പിന്റെയും കെ.ടി.ഡി.സി.യുടെയും ലാഭക്കൊതിയുടെ തെളിവാണ്. ഒപ്പം തേക്കടി തടാകത്തില്‍ അനുവദനീയമായതിലും കൂടുതല്‍ വേഗത ലഭിക്കുന്നതിനായി ബോട്ടിന്റെ ലീഫുകളുടെ എണ്ണം മൂന്നില്‍നിന്ന് നാലായി വര്‍ധിപ്പിച്ചതും അധികൃതരുടെ അറിവോടെ ആകാതെ തരമില്ല.
ബോട്ടിന്റെ വേഗത കൂട്ടുകവഴി ട്രിപ്പുകളുടെ എണ്ണവും ബോട്ടിന്റെ ശേഷി വര്‍ധിപ്പിച്ച് യാത്രക്കാരുടെ എണ്ണവും വര്‍ധിപ്പിച്ച് ഏതുവിധേനയും വരുമാനം വര്‍ധിപ്പിക്കാനുള്ള ടൂറിസം വകുപ്പിന്റെയും കെ.ടി.ഡി.സിയുടെയും കുറുക്കുവഴി നാടിനെ വലിയൊരു ദുരന്തത്തിലേക്കാണ് കൊണ്ടെത്തിച്ചത്, ഒപ്പം ദുരന്തം സമ്മാനിച്ച പേരുദോഷം ടൂറിസത്തിനുതന്നെ തിരിച്ചടിയാകുകയും ചെയ്തു.
(തുടരും)
|