അന്വേഷണം വഴിതെറ്റിച്ച്‌ സര്‍ക്കാര്‍ മുഖം രക്ഷിച്ചു

Imageസിപിഎം വേട്ടക്കാരും തേക്കടിയിലെ ഇരകളും-4

കള്ളന്‍ കപ്പലില്‍തന്നെ എന്ന്‌ പഴമൊഴി. പക്ഷേ, കേസന്വേഷണവുംകൂടി കള്ളന്റെ തലയിലായാലോ. അങ്ങിനെയൊരു ദുരവസ്ഥയ്ക്കാണ്‌ തേക്കടി ദുരന്തം വഴിതുറന്നത്‌.

അപകടത്തിന്റെ ഉത്തരവാദിത്വം ടൂറിസം വകുപ്പിന്‌, അപകടകാരണം അന്വേഷിക്കുന്നതിന്റെ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പിന്‌. രണ്ടുവകുപ്പിന്റെയും ചുമതലയാകട്ടെ ഒരേ മന്ത്രിക്ക്‌. ആര്‌ ആരെ പ്രതിയാക്കും. ആരെയെങ്കിലും പ്രതിയാക്കാതെ പറ്റില്ലതാനും. ഒടുവില്‍ പ്രതിയാക്കേണ്ടവരുടെ ലിസ്റ്റ്‌ ലഭിച്ചതോടെ പോലീസിന്റെ ആശയക്കുഴപ്പം അവസാനിച്ചു. പക്ഷേ, നാട്ടുകാരുടെ ആശയക്കുഴപ്പം ഇതോടെ തുടങ്ങുകയായിരുന്നു.
2007 ഫെബ്രുവരി 20-ന്‌ 18 പേരുടെ മരണത്തിനിടയാക്കിയ തട്ടേക്കാട്‌ ബോട്ട്‌ അപകടത്തില്‍ ഡ്രൈവര്‍ക്കൊപ്പം ബോട്ടുടമയ്ക്കെതിരെയും കേസെടുത്ത പോലീസിന്റെ നോട്ടത്തില്‍ 45 പേര്‍ മരിച്ച തേക്കടി ദുരന്തത്തില്‍ കുറ്റമെല്ലാം ഡ്രൈവറുടേതുമാത്രമായിരുന്നു. ദോഷം പറയരുതല്ലോ, പോലീസിനു പേരുദോഷം വരാതിരിക്കാനും കേസിനൊരു ബലം കിട്ടാനും വേണ്ടി മറ്റു രണ്ടുപേരെക്കൂടി പ്രതികളാക്കി- ലസ്കറെയും, ഗേച്ച്‌ വാച്ചറെയും. ഉടമയെക്കെതിരെ കേസെടുക്കാന്‍ പോയിട്ട്‌ വിവരം തിരക്കാന്‍ പോലും കൂട്ടാക്കാതിരുന്ന പോലീസ്‌ കിട്ടിയ തിരക്കഥവച്ച്‌ ഇരകളെ പിടികൂടുന്ന തിരക്കില്‍ ഒരു പക്ഷേ ഇക്കാര്യം മറന്നതാവാം. പക്ഷേ ഒരാഴ്ചയ്ക്കുശേഷവും ഉടമയ്ക്കെതിര കേസെടുക്കാതിരുന്ന പോലീസിന്‌ ഇക്കാര്യത്തില്‍ കോടതിയുടെ നിര്‍ദേശം വേണ്ടിവന്നുവെന്നത്‌ കേസന്വേഷണത്തിലെ സുതാര്യതതന്നെയാണ്‌ തുടക്കത്തിലെ ചോദ്യം ചെയ്യപ്പെട്ടത്‌.


ആരുടെയൊക്കെയോ കുറ്റകരമായ അനാസ്ഥയുടെയും ഉത്തരവാദിത്വമില്ലായ്മയുടെയും അഴിമതിയുടെയും അനന്തരഫലമായി 45 പേരുടെ ജീവനെടുത്ത ദുരന്തത്തിന്‌ കുറ്റക്കാരായി പോലീസ്‌ കണ്ടുപിടിച്ച ഡ്രൈവറെയും ലസ്കറെയും ഗേറ്റ്‌ വാച്ചറെയും അറസ്റ്റ്‌ ചെയ്ത പോലീസ്‌ മൂന്നുപേര്‍ക്കുമെതിരെ 304 പ്രകാരം ഒരേ വകുപ്പനുസരിച്ചാണ്‌ കേസ്‌ ചാര്‍ജ്‌ ചെയ്തത്‌. തട്ടേക്കാട്‌ ബോട്ടു ദുരന്തമുള്‍പ്പെടെയുള്ള അപകടങ്ങളില്‍ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക്‌ 304 എ വകുപ്പ്‌ അനുസരിച്ച്‌ കേസ്‌ എടുത്ത പോലീസ്‌ തേക്കടിയിലും ആദ്യം ഈ വകുപ്പനുസരിച്ചാണ്‌ കേസ്‌ ചാര്‍ജ്‌ ചെയ്തത്‌. പിന്നീട്‌ ആരുടെയൊക്കെയോ പ്രേരണയ്ക്കുവഴങ്ങി വകുപ്പുമാറ്റി 304-ാ‍ം വകുപ്പ്‌ പ്രകാരം നരഹത്യയ്ക്ക്‌ കേസ്‌ എടുക്കുകയായിരുന്നു. 304 എ വകുപ്പനുസരിച്ച്‌ കേസ്‌ എടുത്താല്‍ സ്റ്റേഷന്‍ ജാമ്യം കിട്ടുന്നത്‌ തടയുകയായിരുന്നു ഇതിനു പിന്നിലെന്ന്‌ പിന്നീട്‌ കണ്ടു. സ്റ്റേഷന്‍ ജാമ്യം കിട്ടി സത്യം വിളിച്ചുപറഞ്ഞാലുണ്ടാകുന്ന പൊല്ലാപ്പ്‌ വേണ്ടപ്പെട്ടവര്‍ മുന്‍കൂട്ടി കണ്ടുവെന്ന്‌ സാരം. പിന്നീട്‌ ജാമ്യാപേക്ഷാവേളയില്‍ തെളിവു നശിപ്പിക്കുമെന്ന്‌ പറഞ്ഞ്‌ ജാമ്യം അനുവദിക്കാതിരിപ്പിക്കാന്‍ നടത്തിയ ശ്രമവും ഇക്കാര്യം അടിവരയിടുകയായിരുന്നു.


എന്നാല്‍ സത്യം പുറത്തുവരുന്നതു തടയാന്‍ ശ്രമിച്ചവര്‍ക്ക്‌ അതിനു കാലതാമസം വരുത്താന്‍ മാത്രമേ കഴിഞ്ഞുള്ളു. 5-ാ‍ം തീയതി കോടതിയില്‍ ഹാജരാക്കിയ വിക്ടറിനെ 19-വരെ റിമാന്‍ഡ്‌ ചെയ്തു. പിന്നീട്‌ 20-ന്‌ കോടതി ജാമ്യം അനുവദിച്ച വിക്ടര്‍ 21-നാണ്‌ ജാമ്യത്തില്‍ ഇറങ്ങിത്‌. പിറ്റേന്നുതന്നെ ഉള്ള സത്യം വിക്ടര്‍ തുറന്നുപറഞ്ഞു. അതോടെ എന്തിനാണ്‌ സത്യത്തിന്റെ വാ മൂടിക്കെട്ടാന്‍ ശ്രമിച്ചതെന്നും വ്യക്തമായി. അറസ്റ്റിലായ ലസ്കര്‍ അനീഷും വനംവകുപ്പ്‌ താല്‍ക്കാലിക വാച്ചര്‍ പ്രകാശനും വിക്ടറിനെപ്പോലെ തന്നെ ദിവസവേതനക്കാരായ താല്‍ക്കാലിക ജീവനക്കാരാണ്‌. മൂന്നുപേര്‍ക്കും ലഭിച്ചിരുന്ന തുച്ഛമായ വരുമാനം കൊണ്ടുമാത്രം ജീവിച്ചിരുന്ന മൂന്നുകുടുംബങ്ങളാണ്‌ ഇതോടെ നിരാശ്രയത്വത്തിന്റെ പെരുവഴിയിലേക്ക്‌ തള്ളപ്പെട്ടത്‌. ഒരു ട്രിപ്പിന്‌ 20 രൂപ പ്രകാരം ഒരുദിവസം കിട്ടുന്ന 100 രൂപയായിരുന്നു പ്രായമായ അമ്മയും ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന വക്ടറിന്റെ കുടുംബത്തിന്റെ ഏക വരുമാനം. സ്വന്തമായി ഒരു സെന്റ്‌ സ്ഥലംപോലും ഇനിയും വിക്ടറിന്‌ സ്വന്തമായില്ല. അയല്‍വാസി വീടു നിര്‍മാണത്തിനായുള്ള സാധനസാമിഗ്രികള്‍ സൂക്ഷിക്കുന്നതിനുവേണ്ടി തടിപ്പലകകളും പൊട്ടിയ ആസ്ബസ്റ്റോസ്‌ ഷീറ്റും ഉപയോഗിച്ച്‌ നിര്‍മിച്ച വീട്ടില്‍ പറക്കമുറ്റാത്ത രണ്ടുകുട്ടികളെയും ചേര്‍ത്തുപിടിച്ച്‌ നെഞ്ചില്‍ നെരിപ്പോടുമായി കഴിയുന്ന ഇവരുടെ കുടുംബങ്ങള്‍ നിരപരാധിത്വം തെളിയിക്കാന്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയാണ്‌.


ലസ്കര്‍ അനീഷിന്റെ സ്ഥിതിയാകട്ടെ ഇതിലും ദയനീയമാണ്‌. ആദിവാസി വിഭാഗത്തില്‍പ്പെട്ട അനീഷ്‌ ഭാര്യയും കൊച്ചുകുട്ടിയുമായി കുമളി ആദിവാസി കോളനിയിലെ ഇടുങ്ങിയ ഒറ്റമുറിക്കുള്ളില്‍ പ്രതിമാസം കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ്‌ കഴിഞ്ഞുകൂടിയിരുന്നത്‌. അനീഷിന്റെ വരുമാനം നിലച്ചതോടെ ഒരുവയസുള്ള കുഞ്ഞിന്‌ പാല്‍ വാങ്ങാന്‍ മാര്‍ഗമില്ലാത്ത നിസഹായവസ്ഥയിലാണ്‌ ഇവര്‍.താല്‍ക്കാലിക വാച്ചര്‍ പ്രകാശിന്റെ സ്ഥിതിയും ഇതില്‍നിന്നൊട്ടും ഭിന്നമല്ല. ഒറ്റമുറി വീട്ടില്‍ അമ്മയും ഭാര്യയും രണ്ടുമക്കളുമുള്ള കുടുംബത്തിന്റെ ആകെയുള്ള വരുമാനം പ്രകാശിന്‌ ലഭിക്കുന്ന വേതനമായിരുന്നു.നികുതിപ്പണംകൊണ്ടു കൊഴുത്ത കൂറ്റന്‍ തിമിംഗലങ്ങള്‍ പുറത്ത്‌ നിര്‍ബാധം ഇരതേടുമ്പോള്‍ നിരപരാധികളായ അര്‍ധപട്ടിണിക്കാരെ വലയ്ക്കുള്ളിലാക്കിയവരുടെ അന്വേഷണ വൈദഗ്ധ്യത്തിലെ വൈരുധ്യങ്ങള്‍ പുറത്തുവരാന്‍ താമസമുണ്ടായില്ല.75 പേരെ കയറ്റാവുന്ന ബോട്ടില്‍ 12 പേരെ അധികം കയറ്റിയെന്ന്‌ കണ്ടെത്തിയതാണ്‌ വിക്ടറെ ഒന്നാം പ്രതിയാക്കി നരഹത്യക്ക്‌ കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിന്‌ പഴുതൊരിക്കിയത്‌. ബോട്ടിന്റെ രൂപകല്‍പ്പനയനുസരിച്ച്‌ താഴെതട്ടില്‍ 50 യാത്രക്കാരെയും മുകളില്‍ 25 യാത്രക്കാരെയുമാണ്‌ അനുവദിക്കാവുന്നത്‌ എന്നിരിക്കെ മേല്‍തട്ടില്‍ 12 പേരെ ടിക്കറ്റില്ലാതെ പ്ലാസ്റ്റിക്‌ കസേരകള്‍ നല്‍കി ഇരുത്തിയതായാണ്‌ കണ്ടെത്തല്‍.

 

സിറ്റിംഗ്‌ കപ്പാസിറ്റിയായ 75 പേര്‍ക്കുള്ള ടിക്കറ്റുകളാണ്‌ നല്‍കിയിട്ടുള്ളതെന്ന്‌ കെ.ടി.ഡി.സി. അധികൃതരും മൊഴി നല്‍കി. എന്നാല്‍ കെ.ടി.ഡി.സി. മനേജര്‍മാരുടെയും മറ്റ്‌ ഉന്നതരുടെയും നിര്‍ദേശപ്രകാരമാണ്‌ ബോട്ടില്‍ കൂടുതലാളെ കയറ്റിയതെന്ന വിക്ടറിന്റെ മൊഴിയും, കെ.ടി.ഡി.സി. യുടെയും വനംവകുപ്പിന്റെയും നാലു കടമ്പകള്‍ കടന്ന്‌ ബോട്ടില്‍ അധിക കസേരകള്‍ ഒരുക്കി ശേഷിക്കപ്പുറം യാത്രക്കാരെ കയറ്റാന്‍ സാധിക്കില്ലെന്ന കണ്ടെത്തലും ക്രൈംബ്രാഞ്ച്‌ സൗകര്യപൂര്‍വം വിഴുങ്ങി. കൂടുതലായി കയറിയവര്‍ എത്തിയ വഴിയും ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയെങ്കിലും "ആ വഴി" പോകേണ്ടെന്നായിരുന്നു ഉന്നതനിര്‍ദേശം.പഴുതുകളടച്ച്‌ അപകടകാരണവും കണ്ടെത്തി കുറ്റക്കാരെയും പിടികൂടി സര്‍ക്കാരിന്റെ മുഖവും, ഒപ്പം യഥാര്‍ത്ഥകുറ്റവാളികളെയും രക്ഷിച്ച സ്ഥിതിക്ക്‌ അന്വേഷണം അവസാനിപ്പിച്ച്‌ ഫയല്‍ മടക്കാനൊരുങ്ങുമ്പോഴാണ്‌ മറ്റു ചില കണ്ടെത്തലുകളുമായി രണ്ട്‌ അന്വേഷണോദ്യോഗസ്ഥര്‍ രംഗപ്രവേശം ചെയ്തത്‌. അതാകട്ടെ ക്രൈംബ്രാഞ്ചിനെ മാത്രമല്ല ടൂറിസം വകുപ്പിനെയും കെ.ടി.ഡി.സിയെയും എന്തിനേറെ സര്‍ക്കാരിനെതന്നെയും പ്രതിക്കൂട്ടിലാക്കി. എന്നാല്‍ അതിനാകട്ടെ രണ്ടുപേര്‍ക്കും നല്‍കേണ്ടി വന്ന വില കനത്തതായിരുന്നു.
(തുടരും.......................)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls