കാണുക കേരളമേ, ഈ 'കര്‍ത്തവ്യബോധം'

Imageസിപിഎം വേട്ടക്കാരും തേക്കടിയിലെ ഇരകളും-3

ആഭ്യന്തരമന്ത്രി എന്ന നിലയിലും വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം ആതിഥേയന്‍ എന്ന നിലയിലും അവസാനമൃതദേഹം കണ്ടെടുക്കുന്നതു വരെയെങ്കിലും ടൂറിസം മന്ത്രി കോടിയേരിയുടെ സാന്നിധ്യം ദുരന്തസ്ഥലത്ത്‌ അനിവാര്യമായിരുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തെരച്ചിലിനും പരിക്കേറ്റവര്‍ക്ക്‌ ചികിത്സാസൗകര്യം ഉറപ്പാക്കുന്നതിനും നേതൃത്വം നല്‍കേണ്ടിയിരുന്ന കോടിയേരിയും അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഉടമ എന്ന നിലയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക്‌ സഹായമെത്തിക്കുകയും രക്ഷാപ്രവര്‍ത്തകര്‍ക്ക്‌ ആവശ്യമായ ക്രമീകരണങ്ങളും സൗകര്യങ്ങളും ഒരുക്കുകയും ചെയ്യേണ്ടിയിരുന്ന കെ.ടി.ഡി.സി. ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പും ദുരന്തസ്ഥലത്ത്‌ ചങ്ങല പിടിക്കാനുള്ള വെമ്പലില്‍ മനമങ്ങും മിഴിയിങ്ങുമായി കടമ കഴിക്കുകയായിരുന്നു. അപകടത്തിന്റെ മുഴുവന്‍ ഉത്തരവാദികളെന്ന നിലയിലും ദുരന്തഭൂമിയില്‍ ആശ്വാസമെത്തിക്കേണ്ടിയിരുന്ന ഇരുവരും ദുരന്തത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവച്ചതുപോലെതന്നെ രക്ഷാപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും ഇതേനയം സ്വീകരിക്കുകയായിരുന്നു. 45 പേര്‍ മരിച്ച ദുരന്തത്തില്‍ 10 പേരുടെ മൃതദേഹങ്ങള്‍ കിട്ടിയത്‌ ഒന്നാംതീയതിയും അവസാനമൃതദേഹം കിട്ടിയത്‌ നാലാം തിയതിയും ആയിരുന്നുവെന്നറിയുമ്പോഴാണ്‌ രണ്ടാംതീയതി തിരുവനന്തപുരത്തും എറണാകുളത്തും ചങ്ങല പിടിക്കാന്‍ പോയ ഇരുവരുടെയും ചുമതലാബോധവും വഹിക്കുന്ന സ്ഥാനങ്ങളോടുള്ള കര്‍ത്തവ്യബോധവും വെളിവാകുന്നത്‌.


ഏതൊരു ആതിഥേയന്റെയും നെഞ്ചുലയ്ക്കുന്ന രീതിയില്‍ അതിഥികള്‍ക്കുണ്ടായ ദുരന്തം കേരളത്തെയെന്നല്ല രാജ്യത്താകെ കണ്ണീര്‍മഴയില്‍ കുതിര്‍ന്നപ്പോള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിയുടെ കൂറും വിധേയത്വവും ആരോടാണെന്ന്‌ കൂടിയാണ്‌ ഈ സംഭവം വ്യക്തമാക്കുന്നത്‌. ആതിഥേയനും ബോട്ടുടമയും ദുരന്തസ്ഥലത്തുനിന്നും പൊടിയുംതട്ടി കാറില്‍ കയറുമ്പോഴും തൊട്ടപ്പുറത്ത്‌ അസ്ഥികളില്‍ അരിച്ചിറങ്ങുന്ന തണുപ്പു കട്ടിപിടിച്ച ആഴക്കയങ്ങളില്‍ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും മൃതദേഹങ്ങള്‍ക്കായി മുങ്ങിത്തപ്പുകയായിരുന്നു. കരഞ്ഞുതളര്‍ന്ന്‌ കണ്ണീര്‍ വറ്റിയ കണ്ണുകളുമായി കാണാതായവരുടെ ബന്ധുജനങ്ങള്‍ തടാകക്കരയിലും ആശുപത്രിവരാന്തകളിലും കരുണയ്ക്കായി കാത്തിരിക്കുകയും, ചേതനയറ്റ വിറങ്ങലിച്ച ശരീരങ്ങള്‍ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ ഊഴം കാത്തുകിടക്കുകയുമായായിരുന്നു.


ദുരന്തസ്ഥലത്തുനിന്നും രണ്ടുപേരും കൈയും കഴുകി പോയപ്പോള്‍ സ്വന്തം ജീവന്‍പോലും വകവയ്ക്കാതെയും മനസാന്നിധ്യം കൈവിടാതെയും ആഴക്കയങ്ങളില്‍ ജീവനുവേണ്ടി മുങ്ങിപ്പിടയുന്ന 8 പേരെ രക്ഷിച്ച ബോട്ട്‌ ഡ്രൈവര്‍ വിക്ടര്‍ ശരീരവും മനസും തളര്‍ന്ന്‌ തേനി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അധികൃതരുടെ ഉദാസീനതയില്‍ രക്തസാക്ഷിയാകേണ്ടിവന്ന വിക്ടറിനെ 30-ന്‌ രാത്രി 11 മണിയോടെയാണ്‌ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.കൈവിരില്‍ തുമ്പില്‍നിന്നും 87 പേരുടെ ജീവന്‍ ആഴക്കയങ്ങളിലേക്ക്‌ താഴുമ്പോള്‍ അവരെ വിധിക്ക്‌ വിട്ടുകൊടുത്ത്‌ സ്വയം രക്ഷപ്പെടുന്നതിനെക്കുറിച്ച്‌ ചിന്തിക്കാതെ ആവുന്നത്ര പേരെ രക്ഷിക്കാനായിരുന്നു വിക്ടര്‍ ശ്രമിച്ചത്‌.രാത്രി തണുത്തുറഞ്ഞ അടിത്തട്ടില്‍ മുങ്ങിത്തപ്പി തളര്‍ന്ന ശരീരവും ദുരന്തത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന മനസുമായി തടാകക്കരയില്‍ തളര്‍ന്നിരുന്ന്‌ പൊട്ടിക്കരഞ്ഞ വിക്ടറിനെ വീട്ടുകാരെത്തിയാണ്‌ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.


എന്നാല്‍ ഡ്രൈവര്‍ക്ക്‌ എന്തുപറ്റിയെന്നുപോലും തിരക്കാതിരുന്ന അധികൃതര്‍ ഈ സമയത്ത്‌ വിക്ടറിനെ പ്രതിയാക്കിയുള്ള തിരക്കഥ ചമയ്ക്കുന്ന തിരക്കിലായിരുന്നു. ദുരന്തത്തിനു കാരണമായി ലോകത്തിനു മുന്നില്‍ ചൂണ്ടിക്കാണിക്കാനൊരു ഇര യെ കിട്ടിയ സന്തോഷത്തില്‍ പിന്നെയെല്ലാം പെട്ടെന്നായിരുന്നു. 3-ാ‍ം തീയതി കുറ്റം ഡ്രൈവറുടേതെന്ന്‌ അന്വേഷണറിപ്പോര്‍ട്ട്‌,
അന്വേഷണവിധേയമായി അന്നുതന്നെ വിക്ടറിന്‌ കെ.ടി.ഡി.സി. ചെയര്‍മാന്റെ വക സസ്പെന്‍ഷന്‍. നരഹത്യയ്ക്ക്‌ ഒന്നാംപ്രതിയാക്കി കേസെടുത്ത ക്രൈംബ്രാഞ്ച്‌ ചികിത്സയില്‍ കഴിയുന്ന വിക്ടറെ ഹാജരാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അന്നുതന്നെ വീട്ടുകാര്‍ക്കുനേരെ ഭീഷണിയും ഉയര്‍ത്തി.
വിക്ടര്‍ ആശുപത്രിയിലായതോടെ മനസു തകര്‍ന്ന നിരാംലബരായ കുടുംബത്തിന്‌ പോലീസിന്റെ അന്ത്യശാസനങ്ങള്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. വിക്ടറുടെ ചികില്‍സ പൂര്‍ത്തിയാക്കാന്‍പോലും അനുവദിക്കാത്ത പോലീസ്‌ 3-ാ‍ം തീയതി രാത്രി 11 മണിക്ക്‌ നിര്‍ബന്ധപൂര്‍വം ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ്‌ ചെയ്യിച്ചു. നാലാംതീയതി രാവിലെ ക്രൈംബ്രാഞ്ച്‌ ഡി.വൈ.എസ്‌.പിക്കു മുന്നില്‍ ഹാജരാക്കിയ വിക്ടറിന്‌ കുറ്റം സമ്മതിക്കുക മാത്രമല്ല, ക്രൂരമായ പീഡനവുമേല്‍ക്കേണ്ടി വന്നു.


മുന്‍കൂട്ടി തയാറാക്കിയ തിരക്കഥപ്രകാരം ചോദ്യങ്ങളും ഉത്തരങ്ങളും തയാറാക്കി ഇരയെ കാത്തിരുന്ന പോലീസ്‌ കുറ്റം സമ്മതിപ്പിക്കാന്‍ ക്രൂരമായ മര്‍ദനമുറകളാണ്‌ സ്വീകരിച്ചത്‌. ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്ന വിക്ടറിപ്പോള്‍ ചെവിയുടെ കേള്‍വി നഷ്ടപ്പെട്ട നിലയിലാണ്‌. കെ.ടി.ഡി.സി. ഉന്നതര്‍ നിര്‍ദേശിച്ച പ്രകാരമുള്ള മൊഴി പോലീസിനു മുന്നില്‍ നല്‍കാതിരുന്നതോടെ വിക്ടര്‍ അവരുടെ കണ്ണിലെ കരടായി.തങ്ങള്‍ക്കനുകൂലമായി മൊഴി നല്‍കാതിരുന്നതിനെ തുടര്‍ന്ന്‌ കേസ്‌ നടത്തിപ്പിന്റെ ഒരു ഘട്ടത്തില്‍ പോലും ഇതുവരെ തിരിഞ്ഞുനോക്കാന്‍പോലും കെ.ടി.ഡി.സി അധികൃതര്‍ കൂട്ടാക്കിയുമില്ല . ഡ്രൈവറെ ബലിയാടാക്കി ഉന്നതരെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കം വെളിച്ചത്തായതോടെയാണ്‌ പ്രശസ്ത ഗായകന്‍ യേശുദാസ്‌ മുഖ്യരക്ഷാധികാരിയായുള്ള ജനപക്ഷം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഡ്രൈവര്‍ക്ക്‌ പിന്തുണയുമായെത്തിയത്‌. മുഴുവന്‍ കേരളീയ സമൂഹത്തിന്റെയും മനസാണ്‌ ഇക്കാര്യത്തില്‍ യേശുദാസ്‌ തുറന്നുകാട്ടിയത്‌.


ബോട്ടുടമയും മാനേജരുമടക്കമുള്ളവരുടെ നിര്‍ദേശങ്ങള്‍ ചോദ്യം ചെയ്യാതെ അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ട ദിവസവേതനക്കാരനായ ഡ്രൈവര്‍ കുറ്റക്കാരനായി അഴികള്‍ക്കുള്ളിലും പറക്കമുറ്റാത്ത കുഞ്ഞുങ്ങളടക്കമുള്ള നിര്‍ധനകുടുംബം കൊച്ചുകൂരയ്ക്കുള്ളില്‍ ഇനിയെന്തെന്നറിയാതെ പകച്ചുമിരിക്കുമ്പോള്‍, സര്‍ക്കാരിനോടാവശ്യപ്പെട്ട്‌ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചെടുക്കുകയും കെ.ടി.ഡി.സി.യുടെ താമസം ഉള്‍പ്പെടെയുള്ള സുഖസൗകര്യങ്ങള്‍ ആസ്വദിക്കുകയും ചെയ്ത്‌ ബോട്ട്‌ ഉടമയായ കെ.ടി.ഡി.സി. ചെയര്‍മാനും ടൂറിസം മന്ത്രിയും കൂടുതല്‍ ഇരകള്‍ക്കായി വല നെയ്യുകയായിരുന്നു. (തുടരും.)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls