|
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പി.ബിയുടെ പൊടിക്കൈ |
|
ഇ.വി ശ്രീധരന്‍ സെപ്തംബര്‍ മാസത്തിന്റെ ആദ്യവാരത്തില്‍ മലയാള പത്രങ്ങളുടെ പ്രധാന എഴുന്നള്ളിപ്പായിരുന്നു പോളിറ്റ് ബ്യൂറോയുടെ തിരുത്തല്‍ രേഖ. ചാനല്‍ക്കുഞ്ഞുങ്ങളും ഒരുപാടുനേരം തിരുത്തല്‍ രേഖയെക്കുറിച്ച് തൊണ്ടയിട്ടലയ്ക്കുകയുണ്ടായി.
പത്രങ്ങള്‍ മുഖപ്രസംഗങ്ങളിലൂടെയും മുഖപ്രസംഗത്താളിലെ ലേഖനങ്ങളിലൂടെയും വാര്‍ത്തകളിലൂടെയും തിരുത്തല്‍രേഖയെ ജനങ്ങളുടെ മനസ്സില്‍ പതിപ്പിച്ചു. തിരുത്തലിനുള്ള നീക്കം സ്വാഗതാര്‍ഹമെന്ന് മുഖപ്രസംഗങ്ങള്‍ ഭംഗിവാക്കോതി. ബൂര്‍ഷ്വാ മൂല്യങ്ങള്‍ക്കെതിരെ സി.പി.എമ്മില്‍ ശുദ്ധീകരണം വരുന്നു, തിരുത്തല്‍ നടപടി: പോളിറ്റ് ബ്യൂറോ ചര്‍ച്ച ഇന്ന്, സഖാക്കളുടെ ആര്‍ഭാടത്തിനും അഴിമതിക്കും കടിഞ്ഞാണിടും, പാര്‍ട്ടി നേതാക്കളുടെ വരുമാനം അന്വേഷിക്കും, ബ്രാഞ്ചു നേതാക്കള്‍ വരെ സ്വത്തു വെളിപ്പെടുത്തണം... എന്നിങ്ങനെ ഒരുപാടങ്ങുപോയി മലയാള പത്രങ്ങളിലെ തലക്കെട്ടുകള്‍. കടുത്ത മാധ്യമശത്രുവായി മാറിയ പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്കുനേരെ പോള്‍ വധവുമായി ബന്ധപ്പെട്ട് ഉറഞ്ഞുതുള്ളിയതിന്റെ പിറകില്‍ പോളിറ്റ് ബ്യൂറോയുടെ വരാന്‍ പോകുന്ന തിരുത്തല്‍ രേഖയ്ക്ക് മാധ്യമങ്ങള്‍ നല്‍കിയ പ്രചാരവും വ്യാഖ്യാനവുമൊക്കെ കാരണമാവാം.
പോളിറ്റ് ബ്യൂറോയുടെ തിരുത്തല്‍ രേഖയ്ക്ക് പിണറായി വിജയനും കേരളത്തിലെ ഔദ്യോഗിക മാര്‍ക്സിസ്റ്റുപാര്‍ട്ടിയിലെ നേതാക്കന്മാരും പിണറായി വിജയനില്‍ വിശ്വസിക്കുന്ന സഖാക്കളും പുകസകളും തിരുത്തല്‍ രേഖ എഴുതിയുണ്ടാക്കിയ കടലാസ്സിന്റെ വിലപോലും അതിനു കല്‍പിക്കുമെന്നു തോന്നുന്നില്ല. ഗോപീകൃഷ്ണന്‍ കാര്‍ട്ടൂണില്‍ പറഞ്ഞതുപോലെ തിരുത്തല്‍ രേഖയുമായി വരുന്ന പോളിറ്റ് ബ്യൂറോയോടും പ്രകാശ് കാരാട്ടിനോടും പിണറായി വിജയനും അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കുന്ന നേതാക്കന്മാരും ചോദിക്കുന്നത് "താനേതു നാട്ടുകാരനാടോ?" എന്നുതന്നെയായിരിക്കും.പ്രകാശ് കാരാട്ടിന്റെയും പോളിറ്റ് ബ്യൂറോയുടെയും തിരുത്തല്‍ രേഖ തങ്ങളുടെ കണ്ണില്‍പൊടിയിടലാണെന്നു ജനങ്ങള്‍ക്കറിയാം. ഇങ്ങനെയൊരു തിരുത്തല്‍ രേഖയെ വകവെക്കുന്ന നേതാവല്ല പിണറായി വിജയന്‍. മാര്‍ക്സിസ്റ്റു നേതാക്കളുടെ ജീവിതശൈലി മാറിയിട്ടുണ്ടെങ്കില്‍ ആ മാറ്റത്തെ ന്യായീകരിക്കാവുന്ന ലെനിനിസ്റ്റ് തിയറിയൊക്കെ അദ്ദേഹം ഇതിനകം കണ്ടെത്തിയിട്ടുണ്ടാവണം.
ബ്രാഞ്ച്-ലോക്കല്‍-ഏരിയാ തലങ്ങളിലെ പ്രാദേശിക നേതാക്കന്മാരുടെ ജീവിതത്തിലേക്കാണ് അഴിമതി പടര്‍ന്നു കയറി ഇരിക്കുന്നത്. ഇടത്തരക്കാരും അതിനു കീഴെയുള്ളവരുമാണ് പ്രാദേശിക നേതാക്കളിലേറിയ കൂറും. ഇവര്‍ക്ക് രാഷ്ട്രീയ സദാചാരത്തേക്കാളും കമ്യൂണിസ്റ്റു ജീവിതശൈലിയേക്കാളുമൊക്കെ പ്രധാനം സ്വന്തം ജീവിതമാണ്. ആ ജീവിതം ഒപ്പിച്ചെടുക്കാനുള്ള തത്രപ്പാടു മാത്രമാണ് ഇവര്‍ക്കു രാഷ്ട്രീയ പ്രവര്‍ത്തനം. ഇവരെപ്പോഴും മേലോട്ടു നോക്കുന്നവരായിരിക്കും; കീഴോട്ടു നോക്കാന്‍ ഇഷ്ടപ്പെടുകയില്ല.എന്റെ സ്വന്തം ഗ്രാമത്തിലെ ഒരു നേതാവിനെ കാണിച്ചുതരാം. രവീന്ദ്രന്‍ എന്നു പേരായ അയാള്‍ രവി സഖാവ് എന്നറിയപ്പെടുന്നു. കൊടും ദാരിദ്ര്യത്തിലൂടെ കടന്നുവന്നാണ് രവീന്ദ്രന്‍ പത്താം ക്ലാസുവരെ എത്തിയത്. അഞ്ചുതവണ പരീക്ഷയെഴുതിയിട്ടും രവീന്ദ്രന്‍ പത്താം ക്ലാസു പാസായില്ല. മദ്രാസിലും ബോംബെയിലുമൊക്കെ പോയി ഭാഗ്യം പരീക്ഷിച്ചു പരാജയപ്പെട്ടു സ്വന്തം ഗ്രാമത്തില്‍ത്തന്നെ തിരിച്ചെത്തിയ രവീന്ദ്രന്‍ രാഷ്ട്രീയത്തിലിറങ്ങി. രവീന്ദ്രന്റെ യുവരക്തം രാഷ്ട്രീയത്തില്‍ തിളച്ചു. രവീന്ദ്രന്‍ വളരെ വേഗം എന്റെ ഗ്രാമത്തിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ നേതാവായിത്തീര്‍ന്നു. രവീന്ദ്രന്‍ രവി സഖാവായി. പാര്‍ട്ടിയിലെ ശത്രുക്കളെയും വര്‍ഗശത്രുക്കളെയും വെട്ടിനിരത്താനും പിരിവുനടത്താനും പോലീസ് സ്റ്റേഷനില്‍ ചെന്നു സംസാരിക്കാനുമൊക്കെ രവീന്ദ്രനു നല്ല കഴിവുണ്ടായിരുന്നു. പിരിവിന്റെ രംഗത്താണ് രവി സഖാവ് കൂടുതല്‍ ശോഭിച്ചത്. രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്തുന്നതില്‍ വലിയൊരു കലാകാരന്‍ തന്നെയായിരുന്നു. സ്വന്തം ഗ്രാമത്തിനു പുറത്തും രവി സഖാവ് ശോഭിച്ചു. തീപ്പൊരി പ്രസംഗശൈലി വശത്താക്കിയ രവി സഖാവ് വാര്‍ഡ് മെമ്പറും പഞ്ചായത്തു പ്രസിഡണ്ടുമൊക്കെയായി. ഗള്‍ഫ് സമ്പന്നന്മാരും നാടന്‍ ജന്മിമാരും ഉദ്യോഗസ്ഥന്മാരുമായൊക്കെ രവി സഖാവ് വലിയ അടുപ്പത്തിലാവുന്നു. എന്റെ ഗ്രാമത്തിലെ മേലാളവര്‍ഗ്ഗത്തിനു രവി സഖാവിനെ ആവശ്യമുണ്ടായിരുന്നു. മേലാളവര്‍ഗ്ഗവുമായി രവി സഖാവിനു അല്‍പസ്വല്‍പം സാമ്പത്തിക ബന്ധങ്ങളുമുണ്ടായിരുന്നു. ചിരിയായിരുന്നു ഈ നേതാവിന്റെ ആയുധങ്ങളിലൊന്ന്. രവി സഖാവ് ചിരിച്ചുകൊണ്ട് പിരിവിനു ചെന്നാല്‍ ഏതു മണിപ്പേഴ്സും തുറക്കപ്പെടും. ഇതിനിടയില്‍ രവി സഖാവ് രഹസ്യമായി ചിട്ടി തുടങ്ങുന്നു. അതീവരഹസ്യമായി പലിശക്കു പണം കൊടുക്കുന്നു.
മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ലെനിന്റെയുമൊക്കെ പുസ്തകങ്ങള്‍ വായിക്കുന്നു. ജീവിതത്തിന്റെ പടവുകള്‍ അതിദ്രുതം കയറിപ്പോവുകയായിരുന്നു രവി സഖാവ്. വലിയൊരു വീടു പണിയുന്നു. ബൈക്ക് വാങ്ങുന്നു. രവി സഖാവിന്റെ വീടിന്റെ പാലുകാച്ചല്‍ എന്റെ ഗ്രാമത്തിലെ ഒരുത്സവം തന്നെയായിരുന്നു. സമ്പന്നന്മാര്‍ അകമഴിഞ്ഞു സഹായിച്ചു. വീടിന്റെ പേര് 'ഗോപാലമന്ദിരം' എന്നാണ്. രവി സഖാവിന്റെ അച്ഛന്റെ പേര് ഗോപാലന്‍ എന്നായിരുന്നു. എന്തായാലും രവി സഖാവിന്റെ ഗൃഹനാമത്തിനകത്ത് സ്വന്തം അച്ഛനായ ഗോപാലനും സാക്ഷാല്‍ എ.കെ.ജിയുമുണ്ട്. ഗോപാലമന്ദിരത്തിലെ രവി സഖാവ് അടുത്ത ജില്ലയില്‍നിന്ന് സുന്ദരിയായ ഒരു എല്‍.പി. സ്കൂള്‍ അദ്ധ്യാപികയെ കല്യാണം കഴിക്കുന്നു. രവി സഖാവിന്റെ ഭാര്യ അറിയപ്പെടുന്ന ഒരു ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകയുടെ മകളാണ്. സംസ്ഥാന നേതാക്കന്മാരൊക്കെ പങ്കെടുത്ത കല്യാണമായിരുന്നു രവി സഖാവിന്റേത്. ഭാര്യ ഒരു മഹാഭാഗ്യംപോലെയാണ് ഗോപാലമന്ദിരത്തില്‍ വന്നുകയറിയത്. ഏരിയാ കമ്മിറ്റി സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലെല്ലാം പാര്‍ട്ടിക്കൊരഭിമാനമായിത്തന്നെ രവി സഖാവ് ശോഭിക്കുന്നു. തിരുവനന്തപുരത്തെ എ.കെ.ജി സെന്റര്‍ രവി സഖാവിനെ കാത്തിരിക്കുന്നു. ഇപ്പോള്‍ രവി സഖാവ് സാമാന്യം ഭേദപ്പെട്ട സമ്പന്നനാണ്. ലക്ഷങ്ങളുടെ ചിട്ടിയൊക്കെയുണ്ട്. ഭാര്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ നേതാവാണ്. മകന്‍ ബാംഗ്ലൂരില്‍ എന്‍ജിനീയറിംഗിനും മകള്‍ മംഗലാപുരത്തു മെഡിസിനും പഠിക്കുന്നു. മൂന്നു കാറുകള്‍ ഉണ്ട്. മൂന്നും ടാക്സിയായിട്ടാണോടുന്നത്. ഈ ടാക്സികളിലൊന്നിലാണ് രവി സഖാവിന്റെ യാത്ര. രവി സഖാവിന്റെ മത്സ്യങ്ങള്‍ ആകോലിയും അയക്കൂറയുമൊക്കെയായി മാറിക്കഴിഞ്ഞു. തനിക്കും തന്റെ കുടുംബത്തിനും ഇങ്ങനെയൊരവസ്ഥ രവി സഖാവ് ഒരുപാടു കഷ്ടപ്പെട്ടും അദ്ധ്വാനിച്ചും പൊലീസിന്റെ ചില്ലറ മര്‍ദ്ദനങ്ങളേറ്റും അടികൊടുത്തും വാങ്ങിയും നേടിയെടുത്തതാണ്. ഇതൊന്നും പോളിറ്റ് ബ്യൂറോയുടെ തിരുത്തല്‍ രേഖയ്ക്കു മുമ്പില്‍ വെളിപ്പെടുത്താനുള്ളതല്ലെന്നു രവി സഖാവ് ദൃഢമായി വിശ്വസിക്കുന്നു. രവി സഖാവ് ഒരാളല്ല, നൂറുകണക്കിനു രവി സഖാക്കളുണ്ട് രവി സഖാവിനെപ്പോലെ. ഇവരുടെ വികാരം പങ്കിടുന്നവരാണ് പിണറായിയുടെയും കോടിയേരിയുടെയും തലമുറയിലെ നേതാക്കന്മാര്‍. തിരുത്തല്‍ രേഖയ്ക്കൊന്നും ഒരര്‍ത്ഥവുമില്ല. തിരുത്തല്‍ രേഖയ്ക്കു പിറകിലെ വികാരം ഒരു പിണറായി വിരുദ്ധതരംഗം കൂടിയല്ലേ? പോളിറ്റ് ബ്യൂറോയെ അങ്ങനെ ചുവടുമാറ്റാനൊന്നും കേരള കമ്യൂണിസം സമ്മതിക്കില്ല. |