|
കുളം തോണ്ടിയ വിദ്യാഭ്യാസം; കലമുടച്ച ആരോഗ്യം പി മുഹമ്മദലി കേരളത്തിന്റെ വികസന മാതൃകയില്‍ എന്നും അഭിമാനത്തിന്റെ പൊന്‍തൂവലുകള്‍ ചാര്‍ത്തിയ മേഖലകളായിരുന്നു വിദ്യാഭ്യാസവും ആരോഗ്യവും. വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം നിലകൊള്ളാനുള്ള അനുപമമായ ഗുണനിലവാരവും സൗകര്യങ്ങളുമായിരുന്നു കേരളീയ വിദ്യാഭ്യാസ- ആരോഗ്യ രംഗങ്ങള്‍ക്ക് ഉയരം നല്‍കിയത്.
എന്നാലിന്ന് ഈ രണ്ടു മേഖലകളും കാളകയറിയ കണ്ണാടിക്കട പോലെ സര്‍വനാശത്തിന്റെ ദുരന്തഭൂമിയായി മാറിയിരിക്കയാണ്. വികലമായ പരിഷ്ക്കാരങ്ങളും മന്ത്രിയുടെ അഹന്തയുമാണ് വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതെങ്കില്‍; കടലും കടലാടിയും തിരിച്ചറിയാനാവാത്ത ആരോഗ്യമന്ത്രിയുടെ പിടിപ്പുകേടുകളാണ് ആരോഗ്യമേഖലയെ രോഗാതുരമാക്കിയത്. സത്യപ്രതിജ്ഞയെടുത്തു പുത്തനച്ചിയെപ്പോലെ പുരപ്പുറം തൂക്കാനിറങ്ങിയ വിദ്യാഭ്യാസമന്ത്രിയുടെ ചെയ്തികള്‍ പുരയുടെ അകത്തു പോലും മാലിന്യം നിറച്ചിരിക്കയാണ്. സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ ഒടുങ്ങാത്ത വിവാദങ്ങളും അനിശ്ചിതത്വവും പതിവ് പോലെ നാലാം വര്‍ഷവും തുടരുന്നു. നിയമപരമായ നിലനില്‍പ്പില്ലാത്ത വികലമായ സ്വാശ്രയ വിദ്യാഭ്യാസ നിയമമുണ്ടാക്കി വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് സ്വയം തോറ്റു കൊടുക്കുന്ന മന്ത്രി ഏറ്റവും ഒടുവിലുണ്ടാക്കിയ സ്വാശ്രയ കരാറിലൂടെ ഇഷ്ടം പോലെ സീറ്റുകള്‍ നേടാനും ഇഷ്ടം പോലെ ഫീസ് പിരിക്കാനും സ്വാശ്രയ മാനേജ്മെന്റിന് അനുമതി നല്‍കിയിരിക്കയാണ്. 50:50 ശതമാനം എന്ന എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്തെ സ്വാശ്രയ തത്വം ഇന്ന് സമ്പൂര്‍ണമായ മാനേജ്മെന്റ് ആധിപത്യമായി മാറിയിരിക്കുന്നു. കോടതികളില്‍ സ്വയം തോറ്റുകൊടുത്തും കരാറിലൂടെ വന്‍ ഫീസ് കൊള്ളക്ക് അനുമതി നല്‍കിയുമുള്ള കരാറിന്റെ ശില്‍പിയായ വിദ്യാഭ്യാസമന്ത്രി സംസ്ഥാനത്തെ മാത്രമല്ല പുറത്തുള്ള സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാരുടെ കങ്കാണിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളജുകളില്‍ പോലും വന്‍തോതിലുള്ള ഫീസ് വര്‍ധനവ് നടത്തിയ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളുടെ ഫീസ് വര്‍ധനവിന് ന്യായീകരണം ചമയ്ക്കുകയാണ്. വിദ്യാഭ്യാസ കച്ചവടക്കാരെ ചാട്ടകൊണ്ടടിക്കുമെന്നും അവരുടെ ളോഹയൂരി കള്ളത്തരങ്ങള്‍ വെളിവാക്കുമെന്നും വീമ്പിളക്കിയ വിദ്യാഭ്യാസമന്ത്രി തന്റെ വീരവാദങ്ങളുടെയും വായാടിത്തങ്ങളുടേയും വാല് മടക്കി സ്വാശ്രയ മാനേജ്മെന്റ് പറയുന്ന നിബന്ധനകള്‍ എഴുതിച്ചേര്‍ത്ത ഒരു കരാറിലാണ് ഒടുവില്‍ ഒപ്പിട്ടിരിക്കുന്നത്. നാല് കരാറിലൂടെ നാല്‍പത് വട്ടം മാനേജ്മെന്റിന് കീഴടങ്ങിയ വിദ്യാഭ്യാസമന്ത്രി പുതിയ നിയമത്തിനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടു തന്റെ എല്ലാ പാപങ്ങളും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും മുതുകില്‍ കെട്ടിവെച്ചു സ്വയം കൈകഴുകുകയാണ്. 4000 രൂപയുടെ ഫീസിനെതിരെ സംഹാര സമരം നടത്തിയവര്‍ ഫീസ് വര്‍ധനവ് ഒന്നരലക്ഷമാക്കിയിട്ടും മന്ത്രി ബേബിക്ക് നല്‍കുന്നത് വിശുദ്ധപത്രമാണ്. പ്രഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് സര്‍വനാശം വിതച്ച വിദ്യാഭ്യാസ മന്ത്രി പൊതു വിദ്യാഭ്യാസ രംഗത്തും സമ്പൂര്‍ണ്ണ തകര്‍ച്ച തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഗുണനിലവാരം മെച്ചപ്പെടുത്താനെന്ന പേരില്‍ നടപ്പാക്കുന്ന പരിഷ്ക്കാരങ്ങളത്രെയും വിദ്യാര്‍ത്ഥിയെ സമ്പൂര്‍ണ മഠയനാക്കാനാണെന്ന പാഠ്യപദ്ധതിയും പഠനസഹായികളും തെളിയിക്കുന്നു.
ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമം തകൃതിയായി നടന്നിട്ടും കഴിഞ്ഞ മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ടരലക്ഷം വിദ്യാര്‍ത്ഥികളാണ് കേരള സിലബസ് പഠിപ്പിക്കുന്ന വിദ്യാലയങ്ങളില്‍ നിന്നും വിടുതി നേടി പോയത്. തലമുറകളെ മടിയന്‍മാരും മണ്ടന്‍മാരുമാക്കി മാറ്റുന്ന ഈ പരിഷ്ക്കാരങ്ങള്‍ കേരളത്തിലെ രക്ഷാകര്‍തൃ സമൂഹം അനുകൂലിക്കുന്നില്ലെന്നാണ് ഈ വന്‍തോതിലുള്ള കൊഴിഞ്ഞുപോക്ക് തെളിയിക്കുന്നത്. പഠനവിഷയം, പഠനസഹായി, സ്കൂള്‍ കലണ്ടര്‍, ചോദ്യപേപ്പറുകള്‍ എന്നിവയൊക്കെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനനുകൂലമാക്കി; രാജ്യത്തിന്റെ ദേശീയചരിത്രം പോലും വളച്ചൊടിക്കുന്ന പഠനരീതിയാണ് പ്രാവര്‍ത്തികമാക്കുന്നത്. ശാസ്ത്രീയ സത്യങ്ങളും നാട്ടറിവുകള്‍ പോലും ഇത്തരത്തില്‍ വളച്ചൊടിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശയെന്ന പേരില്‍ ബിരുദ വിദ്യാഭ്യാസത്തിന് ഏര്‍പ്പെടുത്തിയ സെമസ്റ്റര്‍ രീതിയും പരക്കെ ആക്ഷേപിക്കപ്പെടുന്നു.
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒളി അജന്‍ഡകള്‍ നടപ്പാക്കി കേരളത്തിലെ ഇളം തലമുറയെ ദുര്‍ബലരും ബുദ്ധിഹീനരുമാക്കി മാറ്റുന്ന ബോധപൂര്‍വ ശ്രമങ്ങളാണ് എം എ ബേബിയുടെ തുഗ്ലക്ക് രീതികളിലൂടെ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്നത്. സമ്പൂര്‍ണ്ണ സാക്ഷരതയും സാര്‍വത്രിക വിദ്യാഭ്യാസവുമൊന്നൊക്കെയുള്ള മേന്‍മയുള്ള കേരളം അക്ഷരമറിയാവുന്ന മണ്ടന്‍മാരുടെ നാടാക്കി മാറുകയാണ് ഇതിന്റെ അനന്തരഫലം. ആരോഗ്യമേഖലയിലെ സര്‍വവ്യാപിയായ ഗുരതരാവസ്ഥ ആഗോള പ്രതിഭാസമല്ല; മറിച്ചു സര്‍ക്കാരിന്റെ നിരുത്തരവാദത്തിന്റെയും നിസംഗതയുടെയും ഫലമാണ്. മലയാളി സമൂഹത്തിന്റെ ഗതികേടിനായി മന്ത്രിയാക്കപ്പെട്ട നിര്‍ഗുണയായ ഒരു സ്ത്രീയുടെ വിവരക്കേടുകളുടെ ദുരന്തം ഏറ്റുവാങ്ങുന്നത് ലക്ഷങ്ങളാണ്. ആരോഗ്യരംഗം എക്കാലത്തും പരിരക്ഷിക്കപ്പെട്ടു പോന്നത് രോഗ ശുശ്രൂഷയിലൂടെ മാത്രമല്ല, രോഗ പ്രതിരോധത്തിലൂടെയുമാണ്. എന്നാല്‍ ശുശ്രൂഷയും പ്രതിരോധവുമല്ല മന്ത്രിക്ക് പഥ്യം വിവാദമാണ്.
അന്തര്‍ദേശീയ-ദേശീയ ആരോഗ്യ കൗണ്‍സിലുകള്‍ പല ഘട്ടങ്ങളിലായി മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് കേരളം മാരക രോഗങ്ങളുടെ ഹാച്ചറിയായി മാറാന്‍ കാരണം. ചിക്കുന്‍ഗുനിയ, എലിപ്പനി, ഡങ്കിപ്പനി, മഞ്ഞപ്പിത്തം, വൈറല്‍ ഫീവര്‍ തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നും കേരളം പനിയും പനിപ്പേടിയും കൊണ്ട് വിറച്ചു കഴിയുമ്പോള്‍ രോഗവാര്‍ത്ത തീര്‍ത്തും നിഷേധിച്ച ആരോഗ്യമന്ത്രി അതിന്റെ കുറ്റവും മാധ്യമങ്ങളുടെ തലയില്‍ കെട്ടിവെക്കുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ നവജാതശിശുക്കളുടെ കൊലയറകളായി മാറിയിട്ടും മാതൃസ്നേഹമുണരാത്ത ആരോഗ്യമന്ത്രി അതും വ്യാജവാര്‍ത്തകളായി എഴുതിത്തള്ളുകയായിരുന്നു. കേരളത്തിലെ ആരോഗ്യ രംഗം ഗുരുതരമായ രോഗാവസ്ഥകളെ നേരിടുമ്പോഴാണ് ഡോക്ടര്‍മാരുടെ സമരം പൊട്ടിപ്പുറപ്പെട്ടത്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് പകരം വെല്ലുവിളിയും അഹന്തയും കാണിച്ച സര്‍ക്കാര്‍ പ്രശ്നം വഷളാക്കി. ജയിക്കാന്‍ വേണ്ടി ഡോക്ടര്‍മാരും തോല്‍പ്പിക്കാന്‍ വേണ്ടി സര്‍ക്കാരും ഗുസ്തി പിടിക്കുമ്പോള്‍ നരകയാതന മുഴുവന്‍ പാവപ്പെട്ട രോഗികളാണ് അനുഭവിക്കുന്നത്.
ആദ്യം പേവാര്‍ഡിലെ ചികിത്സ മുടങ്ങി; പിന്നീട് ഒ പി നിലച്ചു; ഇപ്പോള്‍ പ്രഗത്ഭരായ ഡോക്ടര്‍മാരടക്കം പലരും രാജിക്കൊരുങ്ങുന്നു. കേരളത്തിന്റെ ആരോഗ്യ രംഗം അതി സങ്കീര്‍ണമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. സര്‍ക്കാര്‍ ആശുപത്രിയിലെ സൗകര്യങ്ങളും ഗുണമേന്മയും പരമാവധി തകര്‍ത്തു സ്വകാര്യ ആശുപത്രികള്‍ക്ക് കേരളത്തിന്റെ ചികിത്സാ രംഗം തീറെഴുതി കൊടുക്കാനുള്ള ഗൂഡമായ നീക്കം സമരാനുകൂലികള്‍ക്കും സമരത്തെ എതിര്‍ക്കുന്ന സര്‍ക്കാരിനുമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വതവേ ദുര്‍ബലമായ സര്‍ക്കാര്‍ ആശുപത്രികള്‍, ഡോക്ടര്‍മാരുടെ സമരവും ഒഴിച്ചുപോക്കും കാരണം കൂടുതല്‍ തകര്‍ച്ചയെ നേരിടുകയാണ്. എം എ ബേബി കുളം തോണ്ടിയ വിദ്യാഭ്യാസ രംഗവും പി കെ ശ്രീമതി കലമുടച്ച ആരോഗ്യ രംഗവുമാണ് കേരളത്തിന്റെ തകര്‍ച്ചയുടെ ഭീകര മുഖം കൂടുതല്‍ പ്രകടമാക്കുന്നത്. മന്ത്രിമാരുടെ വിവരക്കേടുകളും അഹന്തയും ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ക്ക് പ്രതികരിക്കാനുള്ള അവസരങ്ങളാണ് ഇത്തരം തിരഞ്ഞെടുപ്പുകള്‍. വിശ്വതലത്തില്‍ പോലും പ്രകീര്‍ത്തിക്കപ്പെട്ട രണ്ടു മാതൃകാ മേഖലകളാണ് ഇന്ന് തിരിച്ചടിയേറ്റു പിടയുന്നത്. തിരഞ്ഞെടുപ്പില്‍ അതിനും ശക്തമായ പ്രതികരണമുണ്ടാകുമെന്ന് തീര്‍ച്ച. (തുടരും......) |