|
അമ്പൊടുങ്ങാത്ത ആവനാഴിയുമായി യു ഡി എഫ്; ആഴത്തിലേറ്റ മുറിവുകളുമായി എല്‍ ഡി എഫ് |
|
പി മുഹമ്മദലി അടങ്ങാത്ത ജനരോഷവും ഒടുങ്ങാത്ത അഗ്നി പരീക്ഷണങ്ങളും നേരിടുന്ന ഇടത് മുന്നണി ഉപതിരഞ്ഞെടുപ്പ് ഗോദയില്‍ പ്രത്യാക്രമണത്തിനും പ്രതിരോധത്തിനും വഴിയില്ലാതെ വിയര്‍ക്കുന്നു.
ജനവിരുദ്ധ നയങ്ങളുടെ പേരില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കഠിന തടവും പിഴയും ശിക്ഷയായി ഏറ്റുവാങ്ങിയ ഇടത് മുന്നണിക്ക് അതിലും വലിയശിക്ഷാവിധിയാണ് ഉപതിരഞ്ഞെടുപ്പുകളിലുണ്ടാവാന്‍ പോകുന്നത്. സമസ്ത മേഖലകളിലും സമ്പൂര്‍ണ പരാജയത്തിന്റെ വട്ടപൂജ്യം വരച്ചിട്ട സ്ലേറ്റുമായാണ് മണ്ടന്‍മാരുടെ ഭരണം ജനങ്ങളെ അഭിമുഖീകരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം ഒടുവിലത്തെ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആലപ്പുഴയിലും എറണാകുളത്തും കണ്ണൂരിലും തനിയാവര്‍ത്തന ചിത്രമാണ് വ്യക്തമാകുന്നത്. പ്രചരണവേളയില്‍ ഗൃഹയോഗങ്ങളിലും വീടുവീടാന്തര സന്ദര്‍ശനങ്ങളിലും യു ഡി എഫ് സംഘടിപ്പിക്കുന്ന പ്രചണ്ഡമായ ഭരണവിരുദ്ധ പ്രചാരണം ജനങ്ങളുടെ വികാരമായി മാറിയിരിക്കുകയാണ്. ഭരണക്കെടുതികളില്‍ നിന്നും ഊരിയെടുത്ത കുന്തമുനകള്‍ ലക്ഷ്യം ഭേദിക്കുന്ന തരത്തില്‍ പ്രയോഗിക്കാനായതാണ് ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ നില അതീവ ഭദ്രമാക്കിയത്. ഭരണത്തിന്റെ പരാജയമുഖങ്ങളും വകുപ്പുകളുടെ പതനമുഖങ്ങളും മന്ത്രിമാരുടെ നിര്‍ഗുണങ്ങളും അക്കമിട്ടെണ്ണിപ്പറയുന്ന യു ഡി എഫ് പ്രചരണ യോഗങ്ങള്‍ മിക്കതും ജനകീയ വിചാരണവേദികളായി മാറിയിരിക്കയാണ്. ആഞ്ഞടിക്കുന്ന അപവാദങ്ങളെയും ചീറി വരുന്ന വിമര്‍ശന ശരങ്ങളെയും പ്രതിരോധിക്കാനാവാതെ തിരഞ്ഞെടുപ്പ് രംഗം ഇടത് മുന്നണിക്ക് ശരശയ്യയായാണ് മാറുന്നത്.
കേരളത്തെ ഭീതിക്കയത്തിലാഴ്ത്തിയ മാഫിയ-മാര്‍ക്സിറ്റ് കൂട്ടായ്മയുടെ കെടുതികളും കണക്കുകളുമാണ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍കൈ നേടിയിരിക്കുന്നത്. വ്യാജവോട്ടര്‍മാരില്‍ മാത്രം പ്രചാരണം കുരുങ്ങിക്കിടന്ന കണ്ണൂരും സര്‍വനാശത്തിന്റെ കണക്കുകള്‍ നിരത്തി ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ ഭരണവിരുദ്ധ വികാരത്തിന്റെ സുനാമി തിരകള്‍ മൂന്ന് മണ്ഡലങ്ങളിലും ഉയര്‍ന്നു പൊങ്ങുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും ചിലപ്പോഴൊക്കെ കേരളത്തെ വിഴുങ്ങിയിട്ടുണ്ടെങ്കിലും നാടെങ്ങും ക്രിമിനല്‍ സംഘം കൊല്ലും കൊലയും നടത്തുന്ന കാലം ഇതിന് മുമ്പുണ്ടായിട്ടില്ല. ഗുണ്ടകളുടെ കൊലക്കത്തിക്ക് മുമ്പില്‍ വിറങ്ങലിച്ച ജനങ്ങള്‍ക്ക് രക്ഷയേകേണ്ട ഭരണകൂടം ക്രിമിനലുകള്‍ക്ക് തുണയും തണലുമേകുകയാണ്. അക്രമികള്‍ക്ക് അകമ്പടി സേവിക്കുന്ന പൊലീസും ക്രിമിനലുകളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത ആഭ്യന്തരമന്ത്രിയും കേരളത്തില്‍ അശാന്തവും അസ്വസ്ഥജനകവുമായ രാപ്പകലുകളാണ് സൃഷ്ടിക്കുന്നത്. ക്രമസമാധാനം പേരിന് പോലും പാലിക്കപ്പെടാത്ത ബീഹാര്‍ പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ നടക്കുന്നതായി ദേശീയതലത്തിലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. തീവ്രവാദം ശക്തമായ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെ പിന്നിലാക്കിക്കൊണ്ട് കേരളം അക്രമത്തിന്റെ മുന്‍നിരയിലേക്ക് കുതിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തന്നെയാണ് അക്രമം വളരുന്ന കേരളത്തിന്റെ ഭീതിജനകമായ ചിത്രം വെളിപ്പെടുത്തിയത്. ഒരു വര്‍ഷം കൊണ്ട് കേരളത്തിലെ അക്രമം 50-60 ശതമാനത്തിലധികമാണ് വര്‍ധനവ് രേഖപ്പെടുത്തുന്നത്. 2006ല്‍ 1.59 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2008ല്‍ അത് 2.56 ലക്ഷമായി കുതിച്ചുയര്‍ന്നു. അമ്മപെങ്ങന്‍മാര്‍ മാത്രമല്ല മുലപ്പാലിന്റെ മണം മാറാത്ത പൈതങ്ങള്‍ പോലും ക്രൂരമായി പീഡിപ്പിക്കപ്പെടുന്നത് നിത്യവാര്‍ത്തയാണ്. 2008ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 7601 സ്ത്രീ പീഡന കേസുകളാണ്. ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണിത്. യു ഡി എഫ് പ്രഖ്യാപിച്ച ഗുണ്ടാഓര്‍ഡിനന്‍സ് ദുര്‍ബലപ്പെടുത്തിയതും നിയമം ലാഘവത്തോടെ നടപ്പാക്കിയതുമാണ് കേരളം ഗുണ്ടകളുടെ സ്വന്തംനാടായി തീരാന്‍ കാരണം.
വിവിധ തലങ്ങളിലുള്ള മാഫിയാ സംഘങ്ങളും സി പി എമ്മും ഉടമ്പടിയുണ്ടാക്കി കൊലയും കവര്‍ച്ചയും വിഹിതം വെക്കലും നടത്തുന്നത് ശക്തമായ നിയമത്തിന്റെ അഭാവത്തിലാണ്. സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി തട്ടിപ്പുകാരന്‍, ടോട്ടല്‍ ഫോര്‍ യു എന്ന നിക്ഷേപ തട്ടിപ്പുകാരന്‍ ഇവരൊക്കെ നിയമത്തിന്റെ ദുര്‍ബലകണ്ണികള്‍ പൊട്ടിച്ചു പുറത്ത് ചാടിയത് ഭരണ-മാഫിയ ബന്ധത്തിന്റെ ശക്തികൊണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ കേരളത്തെ വിറപ്പിച്ച മുത്തൂറ്റ് പോള്‍ വധക്കേസില്‍ അകപ്പെട്ട യഥാര്‍ത്ഥ പ്രതികളായ ഗുണ്ടകളെയും സി പി എം നേതാക്കളെയും രക്ഷിക്കാന്‍ പൊലീസിലെ ഉന്നതര്‍ നടത്തിയ ഒത്തുകളി അത്യന്തം ലജ്ജാകരമായിരുന്നു. നാടടക്കി ഭരിക്കുന്ന ഗുണ്ടകളുടെ രക്ഷകര്‍ മാത്രമല്ല; കോടതി ശിക്ഷിച്ച ക്രിമിനലുകളെയും പാര്‍ട്ടി കൊലപാതകികളെയും പരോളും ജയിലില്‍ വി ഐ പി പരിഗണയും കുടുംബപെന്‍ഷനും നല്‍കി സി പി എം പരിരക്ഷിക്കുന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയും പ്രോത്സാഹനവുമായി മാറിയിരിക്കുന്നു. കേരളം ഗുണ്ടകള്‍ വിഴുങ്ങുമ്പോള്‍ സര്‍ക്കാരിന്റെ കയ്യില്‍ യഥാര്‍ത്ഥമായ ഗുണ്ടാലിസ്റ്റ് ഇല്ല എന്നുള്ളത് തന്നെ ഗുണ്ടകളെ സര്‍ക്കാര്‍ നിയമത്തിന്റെ മുമ്പില്‍ നിന്നും മറച്ചുപിടിക്കുന്നു എന്നതിനുള്ള തെളിവാണ്. 374 ഗുണ്ടകളാണ് കേരളത്തിലുള്ളതെന്ന ആഭ്യന്തരമന്ത്രിയുടെ നിയമസഭാകണക്ക് തന്നെ താന്‍ ഗുണ്ടകളുടെ സ്വന്തക്കാരനാണെന്ന് വിളംബരം ചെയ്യുന്നതിന് തുല്യമായിരുന്നു. കേരളത്തിന്റെ ക്രമസമാധാന തകര്‍ച്ചയെക്കുറിച്ച് ഇത് ബീഹാറാണോ എന്ന സന്ദേഹം പ്രകടിപ്പിച്ച ഹൈക്കോടതിയുടെ നിരീക്ഷണം ഈ സര്‍ക്കാരിനേറ്റ കനത്ത പ്രഹരമായിരുന്നു. നാടും നഗരവും അക്രമത്തിന്റെ വേലിയേറ്റത്തില്‍ മുങ്ങുകയും നിയമവാഴ്ച തകരുകയും ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന സാമൂഹിക പ്രതിബദ്ധത സര്‍ക്കാരിനെ ചൊടിപ്പിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരെ തല്ലിച്ചതച്ചും നിയന്ത്രണത്തിന്റെ കൂച്ച് വിലങ്ങിട്ടും രസിക്കാത്ത വാര്‍ത്തകളെ ഭരണകൂടം കുഴിച്ചുമൂടുകയാണ്.നീതിനിര്‍വഹണം അസാധ്യമായ ആഭ്യന്തരവകുപ്പില്‍ സി പി എമ്മിന് നിയമങ്ങളോ നിയന്ത്രണങ്ങളോ ബാധകമല്ല. പിടികൂടുന്ന സി പി എം ക്രിമിനലുകളെ സ്റ്റേഷനാക്രമിച്ചും പൊലീസുകാരെ മര്‍ദ്ദിച്ചും മോചിപ്പിച്ചു കൊണ്ടുപോകുന്ന അക്രമണങ്ങളുണ്ടായിട്ടും അതിന് തടയാന്‍ നടപടിയുമില്ല.
രാഷ്ട്രീയ പ്രതിയോഗികളെ കള്ളക്കേസ് ചമച്ചു ദ്രോഹിക്കുംവിധം പാര്‍ട്ടിവല്‍ക്കരിക്കപ്പെട്ട പൊലീസ് സേന കേസ് അന്വേഷിക്കാന്‍ പോലും കെല്‍പ്പില്ലാത്തവരാണെന്ന് ആഭ്യന്തരമന്ത്രി തന്നെ അധിക്ഷേപിക്കുന്നു. ചെകുത്താന്‍ വാഴ്ചപോലെ രാപ്പകലില്ലാതെ ഗുണ്ടകള്‍ മേയുമ്പോള്‍ ആഭ്യന്തര മന്ത്രിക്കത് നിയന്ത്രിക്കാനാവുന്നില്ല. പൊലീസിന് കര്‍മവീര്യം പകരുന്നതിന് പകരം പലതരം ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ടു പുറത്തു വരുന്ന വാര്‍ത്തകള്‍ തന്റെ മകന് ശുദ്ധിപത്രം നല്‍കാനേ ആഭ്യന്തരമന്ത്രിക്കാവുന്നുള്ളൂ. രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ ക്രിമിനല്‍ പശ്ചാത്തലം പൂര്‍വാശ്രമത്തിലെ മുഖ്യയോഗ്യതയായത് കൊണ്ടു മാത്രമാണ് താന്‍ പൊലീസ് മന്ത്രിയായതെന്ന് കോടിയേരി തന്നെ കരുതുന്നു. വേണ്ടി വന്നാല്‍ പൊലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച ഒരു രാഷ്ട്രീയ നേതാവിന്റെ തലയില്‍ പൊലീസ് ഭരണത്തിന്റെ തൊപ്പിചാര്‍ത്തിയാല്‍ തൊപ്പിയുടെ മഹത്വമല്ല; തന്റെ ക്രിമിനല്‍ പാരമ്പര്യമാണ് സംരക്ഷിക്കപ്പെടുകയെന്ന് കോടിയേരി വീണ്ടും വീണ്ടും തെളിയിക്കുകയാണ്. (തുടരും........) |